ഐ.ഐ.സി.ഒ അംഗങ്ങൾ ലബനീസ് കുടുംബങ്ങളെ പരിശോധിക്കുന്നു
കുവൈത്ത് സിറ്റി: ഫലസ്തീൻ, സിറിയ, യമൻ, ലബനാൻ എന്നിവിടങ്ങളിലെ ദുരിതം പേറുന്നവർക്ക് സഹായവുമായി കുവൈത്ത് സന്നദ്ധസംഘടനകൾ.
ലബനാനിലെ ഫലസ്തീൻ, സിറിയൻ അഭയാർഥികൾക്കും നിർധനരായ ലബനാൻ കുടുംബങ്ങൾക്കും സഹായം നൽകുന്നതിനായി ഇന്റർനാഷനൽ ഇസ്ലാമിക് ചാരിറ്റി ഓർഗനൈസേഷൻ (ഐ.ഐ.സി.ഒ) ശീതകാല കാമ്പയിൻ സംഘടിപ്പിച്ചു.
ശീതകാല കാലാവസ്ഥയെ മറികടക്കാൻ ദുർബലരായ ആളുകളെ സഹായിക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം. 20 കുവൈത്തി വളന്റിയർമാർ ഐ.ഐ.സി.ഒ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനുണ്ട്. ലബനാനിലെ നിരവധി അഭയാർഥി ക്യാമ്പുകൾ ഇവർ സന്ദർശിച്ചതായി ഐ.ഐ.സി.ഒ അറിയിച്ചു.
ലബനാന്റെ തെക്കു ഭാഗത്തുള്ള സിഡോൺ നഗരത്തിൽ അഭയാർഥികൾക്ക് ശൈത്യകാല ബാഗുകൾ വിതരണം ചെയ്തു. അഭയാർഥികൾക്ക് സേവനം നൽകുന്ന ക്ലിനിക്കുകൾക്ക് മെഡിക്കൽ ഉപകരണവും വിതരണം ചെയ്തിട്ടുണ്ട്.
യമനിലെ വീട് നഷ്ടപ്പെട്ടവർക്കായി കുവൈത്ത് അൽ നജാത്ത് ചാരിറ്റി രണ്ട് ഗ്രാമങ്ങൾ ആരംഭിച്ചു. രണ്ട് ഗ്രാമങ്ങളിലും 51 ഭവന യൂനിറ്റുകൾ ഉൾപ്പെടുന്നു. ഇതിൽ 20 എണ്ണം യമൻ ഗവർണറേറ്റായ തായ്സിലും 31 എണ്ണം ലഹ്ജ് ഗവർണറേറ്റിലുമാണ്. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങളും പള്ളികളും ജലവിതരണ ക്ലബുകളും ഇവിടെയുണ്ട്.
അൽ നജാത്ത് ചാരിറ്റി യമനിൽ നിർമിച്ച ഹൗസിങ് കോളനി
യമനിലെ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ഭവനപദ്ധതി സഹായിക്കുമെന്ന് ചാരിറ്റി ഉദ്യോഗസ്ഥൻ ഇഹാബ് അൽ ദബൂസ് പറഞ്ഞു. ദുരിതബാധിതർക്കും സമൂഹങ്ങൾക്കും സഹായംനൽകുന്ന കുവൈത്തിന്റെ മാനുഷിക മുഖമായാണ് ഇവയെ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.