കുവൈത്തിൽ നിന്നുള്ള മെഡിക്കൽ സംഘം ഗസ്സയിൽ ചികിത്സ നൽകുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) മെഡിക്കൽ സംഘം ഗസ്സയിലെ പരിക്കേറ്റ നിരവധി പേർക്ക് ശസ്ത്രക്രിയകളും ചികിത്സയും നൽകി. ഇസ്രായേൽ ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്ന ഫലസ്തീനികൾക്ക് സഹായവുമായി വ്യാഴാഴ്ചയാണ് കുവൈത്തിൽ നിന്നുള്ള ഡോക്ടർ സംഘം ഗസ്സയിൽ എത്തിയത്.
ഗസ്സയിലെ ആരോഗ്യ അധികൃതരുമായി സഹകരിച്ച് യൂറോപ്യൻ ഹോസ്പിറ്റലിലും കുവൈത്ത് സ്പെഷ്യലൈസ്ഡ് ഹോസ്പിറ്റലിലും നിരവധി പേർക്ക് ശസ്ത്രക്രിയകൾ നടത്തി ദൗത്യം ആരംഭിച്ചതായി ടീം അംഗം ഡോ.മുഹമ്മദ് ഹൈദർ പറഞ്ഞു. ഗസ്സയിൽ പരിക്കേറ്റവരുടെ എണ്ണം വളരെ വലുതാണെന്നും ലോകമെമ്പാടുമുള്ള മെഡിക്കൽ ടീമുകളിൽ നിന്നും ഇവർക്ക് സഹായം ആവശ്യമാണെന്നും കൂട്ടിച്ചേർത്തു.
ഗസ്സയിയിൽ ജോലി ചെയ്യുന്ന എല്ലാ ഡോക്ടർമാർക്കും കുവൈത്ത് ടീം മാനസിക പിന്തുണ നൽകിയതായി ഗസ്സ യൂറോപ്യൻ ഹോസ്പിറ്റലിലെ സർജറി വിഭാഗം മേധാവി ഡോ.ഇമാദ് അൽ ഹൗട്ട് പറഞ്ഞു. കൂടുതൽ വൈദ്യസഹായം പ്രതീക്ഷിക്കുന്ന ഫലസ്തീനികൾക്കുള്ള പിന്തുണക്ക് കുവൈത്ത് അമീറിനും സർക്കാറിനും ജനങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു.
കുവൈത്ത് റെഡ് ക്രസന്റ് ഓപറേഷൻസ് തലവനും മെഡിക്കൽ ടീം തലവനുമായ ഡോ. മുസൈദ് അൽ എനെസിയുടെ നേതൃത്വത്തിൽ ഓർത്തോപീഡിക് സർജൻ ഡോ.ഹുസൈൻ ഖുവൈൻ, യൂറോളജി കൺസൾട്ടന്റ് ഡോ.ഫൈസൽ അൽ ഹജ്രി, അനസ്തേഷ്യ കൺസൾട്ടന്റ് ഡോ.മുഹമ്മദ് ഷംസാ, സർജിക്കൽ കൺസൾട്ടന്റ് ഡോ.മുഹമ്മദ് ഹൈദർ, അഡ്മിനിസ്ട്രേറ്റീവ് കോർഡിനേറ്റർ അബ്ദുറഹ്മാൻ അൽ സാലിഹ് എന്നിവർ അടങ്ങിയ സംഘമാണ് ഗസ്സയിൽ എത്തിയത്. മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ എന്നിവയും സംഘം ഗസ്സയിൽ എത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.