ഇറാൻ ആക്രമണം; ശക്തമായി അപലപിച്ചു കുവൈത്ത് മന്ത്രിസഭ

കുവൈത്ത് സിറ്റി: ഇറാന്റെ സമീപകാല സൈനിക ആക്രമണങ്ങളെ ശക്തമായി അപലപിച്ചു മന്ത്രിസഭ. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ സെയ്ഫ് പാലസിൽ നടന്ന പ്രതിവാര യോഗത്തിൽ ഇറാൻ ആക്രമണങ്ങൾ, പുതിയ ആഗോള സംഭവവികാസങ്ങൾ എന്നിവ വിലയിരുത്തി.

ഞായറാഴ്ച പുലർച്ചെ കുവൈത്തിനെതിരെയുണ്ടായ ഇറാൻ ആക്രമണങ്ങളെത്തുടർന്ന് സ്വീകരിച്ച പ്രതിരോധ നടപടികൾ പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹ് വിശദീകരിച്ചു. രാജ്യത്തിന്റെ പരമാധികാരം, പൗരന്മാർ, താമസക്കാർ എന്നിവരെ സംരക്ഷിക്കുന്നതിനായി പരമാവധി പ്രവർത്തന ശേഷിയിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ഇറാൻ ആക്രമണങ്ങളെ രാജ്യത്തിന്റെ പരമാധികാരത്തിന്‍റെ നഗ്നമായ ലംഘനമായും, പ്രാദേശിക സമാധാനത്തിന് നേരിട്ടുള്ള ഭീഷണിയായും, അന്താരാഷ്ട്ര നിയമത്തിന്‍റെയും യു.എന്‍ ചാര്‍ട്ടറിന്‍റെയും ലംഘനമായും മുദ്രകുത്തിയ മന്ത്രിസഭ, കുവൈത്തിന് അതിന്‍റെ പ്രാദേശിക സമഗ്രത സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള പൂര്‍ണ്ണവും അനിഷേധ്യവുമായ അവകാശം ഉണ്ടെന്ന് വ്യക്തമാക്കി.

ബഹ്‌റൈനിലെ സിവിലിയൻ സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങളെയും മന്ത്രിസഭ വിമർശിച്ചു. ബഹ്‌റൈന്റെ സുരക്ഷ ഗൾഫ് സഹകരണ കൗൺസിലിന്റെ (ജി.സി.സി) കൂട്ടായ സുരക്ഷയുടെ ഭാഗമാണെന്ന് സൂചിപ്പിച്ച മന്ത്രിസഭ ബഹ്‌റൈന് കുവൈത്തിന്റെ പൂർണ്ണ ഐക്യദാർഢ്യം അറിയിച്ചു.

മേഖലയിൽ സ്ഥിരത കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള സമീപകാല ഉന്നതതല നയതന്ത്ര ചർച്ചകളുടെ ഫലങ്ങളും മന്ത്രിസഭ അവലോകനം ചെയ്തു. ബഹ്‌റൈനിൽ നടന്ന ജി.സി.സി-യു.എസ് മന്ത്രിതല യോഗത്തെക്കുറിച്ച് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് വിശദീകരിച്ചു.

മന്ത്രിസഭയിൽ നിന്ന് അനുമതി നേടാതെ, ബാഹ്യ കൺസൾട്ടിംഗ് സ്ഥാപനങ്ങളുമായി കരാറുകളിൽ ഏർപ്പെടുന്നത് ഒഴിവാക്കാൻ എല്ലാ മന്ത്രാലയങ്ങൾക്കും പ്രധാനമന്ത്രി നിർദ്ദേശം നൽകി. സൗദി അറേബ്യയിൽ ഹെലികോപ്റ്റർ അപകടത്തിൽ 14 പേർ മരിച്ച സംഭവം, സൈനിക നടപടികളിൽ കഷ്ണങ്ങൾ പൊട്ടിത്തെറിച്ചുണ്ടായ ഖത്തർ പൗരന്റെ മരണത്തിലും മന്ത്രിസഭ അനുശോചിച്ചു.

Tags:    
News Summary - Kuwaiti cabinet condemns Iran attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.