പ്രവാസികൾക്ക് ഇരുട്ടടി; പാസ്‌പോർട്ട് പുതുക്കലിന് ഇന്ന് മുതൽ ചെലവേറും

കുവൈത്ത് സിറ്റി: പാസ്‌പോർട്ട് അപേക്ഷാ നിരക്കുകൾ വർധിപ്പിച്ചത് ഇന്നു മുതൽ പ്രാബല്യത്തിൽ. അപേക്ഷ ഫീസിൽ നേരത്തെയുള്ളതിൽ നിന്ന് വലിയ മാറ്റത്തോടെയാണ് പുതിയ നിരക്കുകൾ. കുവൈത്തിൽ ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ സേവനങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ഔട്ട്‌സോഴ്സ് സേവനദാതാവിലും ഇന്നു മുതൽ മാറ്റം വരും. നേരത്തെയുള്ള സേവനദാതാക്കളായ ബി.എൽ.എസ് ഇന്റർനാഷണൽ സർവീസസ് ലിമിറ്റഡിന് പകരം‘ഡ്യൂഡിജിറ്റൽ ഗ്ലോബൽ ലിമിറ്റഡ്’ ആയിരിക്കും ഇനി സേവനങ്ങൾ നൽകുക. കോണ്‍സുലാര്‍ സേവനങ്ങള്‍ക്കും ഇന്നു മുതൽ നിരക്ക് വർധനയുണ്ട്.

പുതിയ നിരക്കുകൾ പ്രകാരം, 18 വയസും അതിൽക്കൂടുതലുമുള്ള അപേക്ഷകർക്ക് 36 പേജുള്ള പാസ്‌പോർട്ടിനും പുതുക്കുന്നതിനും സാധാരണ സ്കീമിൽ 2,500 രൂപ ചിലവാകും. നേരത്തെ ഇത് 1,500 രൂപയായിരുന്നു. തത്കാൽ നിരക്ക് 3,500 രൂപയിൽ നിന്ന് 5,000 രൂപയായും വർധിക്കും.

60 പേജുള്ള പാസ്‌പോർട്ടിന്റെ നിരക്ക് സാധാരണ വിഭാഗത്തിൽ 2,000 രൂപയിൽ നിന്ന് 3,500 രൂപയായും, തത്കാൽ വിഭാഗത്തിൽ 4,000 രൂപയിൽ നിന്ന് 6,000 രൂപയായും വർധിപ്പിച്ചിട്ടുണ്ട്. നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്ത പാസ്‌പോർട്ടുകൾക്ക് പകരം പുതിയത് ലഭിക്കുന്നതിനായി അപേക്ഷിക്കുന്നവരും കൂടുതൽ തുക നൽകേണ്ടിവരും. 36 പേജുള്ള പാസ്‌പോർട്ടിന് സാധാരണ സ്കീമിൽ 5,000 രൂപയും തത്കാൽ സ്കീമിൽ 7,500 രൂപയും നൽകണം. അതേസമയം, 60 പേജുള്ള പാസ്‌പോർട്ടിന് യഥാക്രമം 6,000 രൂപയും (സാധാരണ സ്കീം) 8,500 രൂപയും (തത്കാൽ സ്കീം) ആയിരിക്കും നിരക്ക്.

18 വയസിന് താഴെയുള്ള അപേക്ഷകർക്ക്, പുതിയതോ പുതുക്കിയതോ ആയ 36 പേജുള്ള പാസ്‌പോർട്ടിന് സാധാരണ സ്കീമിൽ 1,750 രൂപയും തത്കാൽ സ്കീമിൽ 4,250 രൂപയും ചെലവാകും. പ്രായപൂർത്തിയാകാത്തവരുടെ നഷ്ടപ്പെട്ടതോ കേടുപാടുകൾ സംഭവിച്ചതോ ആയ പാസ്‌പോർട്ടുകൾക്ക് പകരം പുതിയത് ലഭിക്കുന്നതിനുള്ള നിരക്ക് സാധാരണ വിഭാഗത്തിൽ 4,250 രൂപയായും തത്കാൽ വിഭാഗത്തിൽ 6,750 രൂപയും ആണ്. ബി.എൽ.എസ് ഇന്റർനാഷണലിന് പകരം ‘ഡ്യൂഡിജിറ്റൽ ഗ്ലോബൽ ലിമിറ്റഡ്’ എത്തുന്നതോടെ സർവിസ് നിരക്കിലും വലിയ വർധനയുണ്ട്. സർവീസ് ചാർജ് ഒരു ദിനാറിൽ നിന്ന് ആറ് ദിനാറായി ഉയരും.

Tags:    
News Summary - Passport renewal fees to increase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.