കുവൈത്ത് സിറ്റി: ഉപയോഗിച്ചതും കേടായതുമായ ടയറുകൾ ഉപയോഗിച്ച് പുതിയ വ്യവസായ മേഖല തുറക്കാനുള്ള നീക്കത്തിൽ കുവൈത്ത്. പാരിസ്ഥിതിക ബാധ്യതയായ ടയറുകൾ നിക്ഷേപം, തൊഴിലവസരങ്ങൾ, സുസ്ഥിരവികസനം എന്നിവയുടെ ഉറവിടമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. വർഷങ്ങളായി ദശലക്ഷക്കണക്കിന് ടയറുകൾ രാജ്യത്തെ ടയർ ഡമ്പുകളിലുണ്ട്.
രാജ്യത്ത് നിലവിൽ മൂന്ന് ടയർ റീസൈക്ലിങ് പ്ലാന്റുകൾ പ്രവർത്തിക്കുന്നുണ്ട്. സാൽമിയിൽ രണ്ടെണ്ണവും അംഘാരയിൽ ഒന്നും. ഇവിടെ പഴയ ടയറുകൾ ഇപ്പോൾ പുതിയ ഉൽപന്നങ്ങളാക്കി മാറ്റുന്നു. ഇത് ദേശീയ സമ്പദ്‌വ്യവസ്ഥക്ക് ഗുണകരമായ സംഭാവന നൽകുകയും നിക്ഷേപത്തിനും തൊഴിലവസരങ്ങൾക്കും വഴിയൊരുക്കുകയും ചെയ്യുന്നു.
ഈ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനുള്ള സമഗ്ര പദ്ധതിയാണ് പരിഗണനയിലുള്ളത്. ടയർ പുനരുപയോഗം വഴി വൻ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കുന്ന ഇന്ത്യപോലുള്ള രാജ്യങ്ങളുടെ മാതൃകയും മുന്നിലുണ്ട്. ഇന്ത്യ ഇത്തരത്തിൽ 600 മില്യൺ ഡോളർ മുതൽ രണ്ടു ബില്യൺ ഡോളർ വരെ വാർഷിക വരുമാനം ഉണ്ടാക്കുന്നതായാണ് കണക്ക്. നിയന്ത്രണ ചട്ടക്കൂടുകൾ ശക്തിപ്പെടുത്തുകയും നിക്ഷേപം വികസിപ്പിക്കുകയും ചെയ്താൽ കുവൈത്തിനും സമാനമായ നില കൈവരിക്കാനാകുമെന്നാണ് വിലയിരുത്തൽ.
പാഴായ ടയറുകൾ തീപിടിത്തം, മലിനീകരണം, കാഴ്ച തടസ്സം എന്നിവ സൃഷ്ടിക്കുന്നു. പുനരുപയോഗത്തിലുടെ ഈ ടയറുകളെ ഉപയോഗയോഗ്യമായ ഉൽപന്നങ്ങളാക്കി മാറ്റാം. ഇതുവഴി പരിസ്ഥിതി അപകടങ്ങൾ ലഘൂകരിക്കാനും സാമ്പത്തിക വളർച്ചയെ പരിസ്ഥിതി സുസ്ഥിരതയുമായി സമന്വയിപ്പിക്കുകയും ചെയ്യും. കേടായതും ഉപയോഗിച്ചതുമായ ടയറുകളുടെ മാനേജ്‌മെന്റും ഉപയോഗവും അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം യോഗം ചേർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.