സൂപ്പർ കപ്പ് ജേതാക്കളായ കുവൈത്ത് സ്പോർട്ടിങ് ക്ലബ് ടീം
കുവൈത്ത് എസ്.സി സൂപ്പർ കപ്പ് ജേതാക്കൾ
കുവൈത്ത് സിറ്റി: കുവൈത്ത് സ്പോർട്ടിങ് ക്ലബിന് സൂപ്പർ കപ്പിൽ എട്ടാം കിരീടം. ശൈഖ് ജാബിർ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ ഫൈനലിൽ ഖാദിസിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 7-6 ന് തോൽപ്പിച്ചാണ് ടീം ജേതാക്കളായത്.
നിശ്ചിത സമയത്തും അധികസമയത്തതും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. തുടർന്നാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്. സ്കോർ നില സൂചിപ്പിക്കുന്നതു പോലെ തുല്യ ശക്തികളുടെ പോരാട്ടത്തിനാണ് ജാബിർ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
ആറാം മിനിറ്റിൽ അഹ്മദ് അൽ സാങ്കിയിലൂടെ കുവൈത്ത് എസ്.സിയാണ് ആദ്യ ഗോൾ നേടിയത്. 34-ാം മിനിറ്റിൽ ഈദ് അൽ റാഷിദിയിലൂടെ ഖാദിസിയ സമനില പിടിച്ചു. തുടർന്ന് ഇരുടീമുകളും കൊണ്ടും കൊടുത്തും ഗോളിലേക്കും കിരീടത്തിലേക്കും കണ്ണെറിഞ്ഞെങ്കിലും കളിസമയത്തിൽ വലയനങ്ങിയില്ല. ടീമുകൾ പ്രതിരോധം കനപ്പിച്ചതോടെ മത്സരം പരുക്കനും കുറച്ചൊക്കെ വിരസവുമായി. ഇതിനിടയിലും ഒറ്റപ്പെട്ട നല്ല മുന്നേറ്റങ്ങൾ കാണാൻ കഴിഞ്ഞു.
അവസാന നിമിഷങ്ങളിൽ വാശി മൂത്തു. അധികസമയത്തും നല്ല നീക്കങ്ങൾക്ക് മൈതാനം സാക്ഷ്യം വഹിച്ചു. സാൽമിയയെ 4-1ന് തോൽപ്പിച്ചാണ് കുവൈത്ത് ഫൈനലിലെത്തിയത്. അൽ അറബിയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് ഖാദിസിയ കലാശപ്പോരിന് യോഗ്യത നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.