കുവൈത്ത് സിറ്റി: പൊതുമാപ്പിന് രജിസ്റ്റർ ചെയ്ത ഇന്ത്യക്കാർ തിരികെ യാത്രക്കായി കാത്തിരിപ്പ് തുടരുന്നു. കുവൈത്ത് സൗജന്യമായി വിമാന സൗകര്യം ഏർപ്പെടുത്താമെന്ന് അറിയിച്ചിട്ടും ഇന്ത്യൻ അധികൃതരുടെ അനുമതി ലഭിക്കാത്തതാണ് തടസ്സം. മേയ് 17 വരെ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് അനുമതിയുണ്ടാവില്ലെന്ന് ശനിയാഴ്ച കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചത് പ്രവാസി ഇന്ത്യക്കാരെ നിരാശപ്പെടുത്തുന്നതാണ്.
വിമാന സർവീസുകൾ ആരംഭിക്കുന്ന വിവരം പിന്നീട് അറിയിക്കുമെന്നും ഡി.ജി.സി.എ വ്യക്തമാക്കി. ചരക്കുവിമാനങ്ങൾക്ക് പുറമെ ഡി.ജി.സി.എ അനുമതി നൽകിയ പ്രത്യേക വിമാനങ്ങൾക്കും സർവീസ് നടത്താമെന്ന് വാർത്താക്കുറിപ്പിൽ പറയുന്നുണ്ടെങ്കിലും ഗൾഫിൽനിന്ന് പ്രവാസികളെ തിരിച്ചെത്തിക്കുന്നതിന് പ്രത്യേകാനുമതിയുണ്ടോ എന്ന് വ്യക്തമല്ല. ഇന്ത്യയിൽ കുടുങ്ങിയ വിദേശ പൗരന്മാരെ തിരിച്ചുകൊണ്ടുപോവാൻ പല രാജ്യങ്ങളും വിമാനങ്ങൾ അയക്കുന്നുണ്ട്.
കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി ലോക് ഡൗൺ മേയ് 17 വരെ നീട്ടിയ സാഹചര്യത്തിലാണ് വിമാന സർവീസുകളും നീട്ടിവെക്കുന്നതായി വ്യോമയാന വകുപ്പ് പ്രഖ്യാപിച്ചത്. മേയ് രണ്ടാം വാരം മുതൽ വിമാന സർവീസുകൾ നടത്തുമെന്നാണ് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നത്. 12000ത്തോളം ഇന്ത്യക്കാരാണ് കുവൈത്തിൽ പൊതുമാപ്പിന് രജിസ്റ്റർ ചെയ്ത് ക്യാമ്പിൽ കഴിയുന്നത്. രജിസ്ട്രേഷൻ പൂർത്തിയായത് മുതൽ യാത്ര ദിവസം വരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇവർക്ക് താമസ സൗകര്യമൊരുക്കുന്നത്.
രജിസ്റ്റർ ചെയ്തവരെ സ്വന്തം താമസ സ്ഥലത്തേക്ക് തിരിച്ചയക്കുന്നില്ല. സ്വന്തം പൗരന്മാരെ സ്വീകരിക്കാൻ തയാറാവാത്ത രാജ്യങ്ങളോട് കർശന നിലപാട് സ്വീകരിക്കണമെന്ന് സ്വദേശികൾക്കിടയിൽ അഭിപ്രായമുയരുന്നുണ്ട്. ക്യാമ്പിൽ കഴിയുന്ന ഇന്ത്യക്കാരും എന്ന് തിരിച്ചുപോവാൻ കഴിയുമെന്നറിയാതെ അസ്വസ്ഥരാണ്. ജോലി നഷ്ടപ്പെട്ടും അസുഖങ്ങൾ മൂലവും പ്രയാസപ്പെടുന്നവരും സന്ദർശക വിസയിലെത്തി കുടുങ്ങിയവരുമായ ആയിരങ്ങൾ വേറെയും അടിയന്തരമായി നാട്ടിലെത്താൻ ആഗ്രഹിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.