കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് പുതുതായി ഗാർഹിക തൊഴിലാളികളെ അയക്കില്ലെന്ന് ഫിലിപ്പീൻസ് വ്യക്തമാക്കി. ജീനെലിൻ പഡേണൽ വില്ലാവെൻഡെ എന്ന ഗാർഹികത്തൊഴിലാളി കഴിഞ്ഞ ആഴ്ച കുവൈത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് ഫിലിപ്പീൻസ് ലേബർ സെക്രട്ടറി സിൽവസ്റ്റർ ബെല്ലോ പറഞ്ഞു. അന്വേഷണ പുരോഗതി കാത്തിരിക്കുകയാണെന്നും തൃപ്തികരമല്ലെങ്കിൽ കുവൈത്തിലെ മുഴുവൻ തൊഴിലാളികളെയും തിരിച്ചുവിളിക്കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗാർഹികത്തൊഴിലാളികളെ അയക്കാൻ മാത്രമാണ് ഇപ്പോൾ വിലക്കുള്ളത്. വിദഗ്ധ തൊഴിലാളികൾക്ക് പുതുതായി വരാനും നിലവിലുള്ള ഗാർഹികത്തൊഴിലാളികൾക്ക് കുവൈത്തിൽ തുടരാനും തടസ്സമില്ല. അതേസമയം, കൊല്ലപ്പെട്ട തൊഴിലാളിക്ക് നീതി ലഭ്യക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയാൽ സമ്പൂർണ നിരോധനം ഏർപ്പെടുത്തുമെന്ന് കുവൈത്ത് അധികൃതർക്ക് സന്ദേശം അയച്ചതായും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട തൊഴിലാളിയെ കുവൈത്തിലേക്ക് അയച്ച ഫിലിപ്പീൻസ് എംപ്ലോയ്മെൻറ് ഏജൻസിയുടെ ലൈസൻസ് റദ്ദാക്കും.
ഇൗ തൊഴിലാളി മാസങ്ങൾക്ക് മുമ്പ് തന്നെ മടക്കി അയക്കണമെന്ന് ഏജൻസിയോട് അഭ്യർഥിച്ചിരുന്നു. ഇതിൽ വീഴ്ച വരുത്തിയതിനാണ് ലൈസൻസ് റദ്ദാക്കുന്നത്. തൊഴിലാളിയുടെ മരണവുമായി ബന്ധപ്പെട്ട് സ്പോൺസറായ കുവൈത്ത് പൗരനെയും ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തിവരുകയാണ്. ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥനായ സ്വദേശി സ്പോൺസറാണ് ഇവരെ അവശനിലയിൽ ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ മർദനമേറ്റതായി കണ്ടെത്തിയതോടെയാണ് പൊലീസ് കേസെടുത്ത് വീട്ടുടമസ്ഥരെ കസ്റ്റഡിയിലെടുത്തത്. 2018ൽ ഫിലിപ്പീൻസ് ഗാർഹിക തൊഴിലാളി ജൊആന ഡാനിയേല കൊല്ലപ്പെട്ടതിനെ തുടർന്ന് ഫിലിപ്പീൻസ് പ്രസിഡൻറ് റോഡ്രിഗോ ദുതെർത് കുവൈത്തിനെതിരെ നടത്തിയ പരാമർശം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതിലേക്ക് എത്തി. മുഴുവൻ ഫിലിപ്പീനികളോടും മടങ്ങിവരാനാണ് അന്ന് റോഡ്രിഗോ ദുതെർത് ആവശ്യപ്പെട്ടത്. ചർച്ചകൾക്കൊടുവിൽ 2018 മേയിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറിന് ഇരു രാജ്യങ്ങളും പുതിയ കരാറിൽ ഏർപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.