കുവൈത്ത് സിറ്റി: ഇന്ത്യയിലെ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രവാസലോകത്തും പ്രതിഷേധം ശക്തം. വിവിധ സംഘടനകൾ ഇൗ ആഴ്ച പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. സംഘടനകൾ സംയുക്ത സമിതി രൂപവത്കരിച്ച് യോജിച്ച പ്രതിഷേധങ്ങൾക്ക് രൂപംനൽകാനും അണിയറയിൽ ശ്രമം നടക്കുന്നു. വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നതിലും പതിവുപോലെ പ്രവാസികൾ തന്നെയാണ് മുന്നിലുള്ളത്. മതാടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിച്ച് ഇന്ത്യയുടെ അസ്തിത്വം നശിപ്പിക്കുന്ന നടപടിയാണ് പൗരത്വ വിഷയത്തിൽ കേന്ദ്ര ഭരണകൂടം നടത്തുന്നതെന്നാണ് പ്രതിഷേധക്കുറിപ്പുകളുടെ കാതൽ.
ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നുള്ളവർ നേരിടുന്ന അസ്തിത്വ പ്രതിസന്ധിയും അനിശ്ചിതാവസ്ഥയും ആശങ്ക പ്രകടിപ്പിച്ചുള്ള പ്രതികരണങ്ങളിൽ വ്യക്തമാണ്. മുസ്ലിംകൾക്കു മാത്രം വിവേചനം കൽപിച്ച നടപടി ഒരു മുസ്ലിം വിഷയമായല്ല, ഭരണഘടനാമൂല്യങ്ങൾക്കു നേരെയുള്ള വെല്ലുവിളിയായാണ് പ്രവാസി സംഘടനകളും വ്യക്തികളും കാണുന്നതെന്നാണ് പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് കല കുവൈത്ത് പ്രതിഷേധ കൂട്ടായ്മ വെള്ളിയാഴ്ച നടക്കും. മതപരമായ വിവേചനം നിരോധിക്കുകയും നിയമത്തിനു മുന്നില്‍ എല്ലാവർക്കും തുല്യത ഉറപ്പാക്കുകയും ചെയ്യുന്ന ഇന്ത്യൻ ഭരണഘടനയോടുള്ള വെല്ലുവിളിയാണ് പ്രത്യേക മതവിഭാഗത്തെ മാത്രം ലക്ഷ്യംവെച്ച് രാജ്യത്ത് വിഭജനം കൊണ്ടുവരാനുള്ള ബി.ജെ.പി സര്‍ക്കാറിെൻറ നീക്കമെന്ന് കല കുവൈത്ത് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. വൈകീട്ട് 5.30ന് അബ്ബാസിയ കല സെൻററിൽ നടക്കുന്ന പരിപാടിയിൽ കുവൈത്തിലെ പ്രമുഖ സാമൂഹിക, സാംസ്കാരിക വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 67765810, 60315101, 60685849 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.