കുവൈത്ത് സിറ്റി: കേരളത്തിലെ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിച്ച പ്രവാസികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ‘ദുരിതബാധിതർക്കൊപ്പം’ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ഒത്തുചേരല്‍ ശ്രദ്ധേയമായി. വെല്‍ഫെയര്‍ കേരള കുവൈത്ത് അബ്ബാസിയ മേഖല സംഘടിപ്പിച്ച പരിപാടിയില്‍ പ്രളയബാധിതരായ നിരവധി പ്രവാസികള്‍ പങ്കെടുത്തു. മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കി വര്‍ഷങ്ങളായി സ്വരുക്കൂട്ടിയുണ്ടാക്കിയ വീടും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ മനസ്സ് തുറന്നപ്പോള്‍ സദസ്സ് നിശ്ശബ്ദരായി.
എല്ലാം നഷ്ടപ്പെട്ടിട്ടും മഹാപ്രളയത്തില്‍ ജീവന് തിരിച്ചുകിട്ടിയ നിമിഷത്തെ കുറിച്ചു പലരും വാചാലരായി. നഷ്ടപ്പെട്ട വിലപ്പെട്ട രേഖകള്‍ നേടിയെടുക്കാനും സര്‍ക്കാറില്‍നിന്നുള്ള ദുരിതാശ്വാസ സഹായം ലഭ്യമാക്കാനും പ്രവാസികള്‍ക്ക് നോര്‍ക്കയുടെയും ലോക കേരള സഭാ അംഗങ്ങളുടെയും പിന്തുണയുണ്ടാകണമെന്നും സംഗമം ആവശ്യപ്പെട്ടു. ‘പ്രളയകേരളം: അതിജീവനം’ എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ കേരള കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗം റഫീഖ് ബാബു ബോധവത്കരണ പ്രസേൻറഷൻ അവതരിപ്പിച്ചു. സവിശേഷമായ ഭൂപ്രകൃതിയുള്ള കേരളത്തില്‍ നടപ്പാക്കിയ അന്ധമായ വികസനനയങ്ങള്‍ പ്രളയത്തില്‍ വലിയ ആഘാതമുണ്ടാക്കാന്‍ കാരണമായതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
പാരിസ്ഥിതിക ആഘാതങ്ങളെ കുറിച്ചു മാധവ് ഗാഡ്ഗിൽ കമ്മിറ്റി മുന്നോട്ടുെവച്ച നിർദേശങ്ങൾ ഈയവസരത്തിൽ പ്രസക്തമാവുകയാണ്. പ്രളയക്കെടുതിയിലും കേരളം കാത്തുസൂക്ഷിച്ച ഉയർന്ന മാനുഷികമൂല്യങ്ങൾ പ്രതീക്ഷ നൽകുന്നവയാണെന്നും അത് വരുംതലമുറക്ക് പകര്‍ന്നു നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഗമം കേന്ദ്ര ജനറൽ സെക്രട്ടറി വിനോദ് പെരേര ഉദ്ഘാടനം ചെയ്തു . മേഖല പ്രസിഡൻറ് ഫൈസൽ വടക്കേക്കാട് അധ്യക്ഷത വഹിച്ചു. കേന്ദ്ര ട്രഷറർ ഷൗക്കത്ത് വളാഞ്ചേരി സംസാരിച്ചു. മേഖല സെക്രട്ടറി മനാഫ് പുറക്കാട് സ്വാഗതം പറഞ്ഞു. അതിജീവനത്തിെൻറ ചിത്രങ്ങൾ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചിത്രരചന മത്സരത്തില്‍ വിജയികളായ ജസ്നി ഷമീർ, ഷാജി കോന്നി എന്നിവർക്ക് പരിപാടിയിൽ സമ്മാനങ്ങള്‍ നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.