ട്രാഫിക് നിയമ ലംഘനം: കുവൈത്തിൽ ഡെലിവറി വാഹനങ്ങൾ കണ്ടുകെട്ടും
കുവൈത്ത് സിറ്റി: ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന ഡെലിവറി ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. ഇത്തരക്കാരുടെ മോട്ടോർസൈക്കിളുകളോ വാഹനങ്ങളോ രണ്ട് മാസത്തേക്ക് കണ്ടുകെട്ടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജീവനക്കാരുടെ നിയമലംഘനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനായി ഡെലിവറി കമ്പനികളുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് തീരുമാനം.
ഡെലിവറി വാഹനങ്ങളുടെയും മോട്ടോർ സൈക്കിളുകളുടെയും ഡ്രൈവർമാർക്കിടയിൽ ഗതാഗത നിയമങ്ങൾ പാലിക്കുന്നത് മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടന്ന യോഗത്തിൽ, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ റാഷിദ് ഹമൂദ് അൽ ഹജ്‌രിയും മുതിർന്ന ട്രാഫിക് ഉദ്യോഗസ്ഥരും പങ്കെടുത്തു. ഡ്രൈവർമാർ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കമ്പനികളോട് ആവശ്യപ്പെട്ട മന്ത്രാലയം, പരിശോധനകൾ തുടരുമെന്നും വ്യക്തമാക്കി.
അതിനിടെ 'ഫ്രൈഡേ മാർക്കറ്റിൽ' നടത്തിയ സുരക്ഷാ പരിശോധനയിൽ താമസ-തൊഴിൽ നിയമലംഘനങ്ങളും മറ്റ് കുറ്റകൃത്യങ്ങളും നടത്തിയ നിരവധി പേർ അറസ്റ്റിലായി. ഒളിവിലായിരുന്ന 25 പേർ, കാലാവധി കഴിഞ്ഞ റസിഡൻസി പെർമിറ്റുള്ള 16 പേർ, തൊഴിൽ നിയമങ്ങൾ ലംഘിച്ച എട്ടുപേർ, വിസ കാലാവധി കഴിഞ്ഞ മൂന്നുപേരെയുമാണ് അറസ്റ്റ് ചെയ്തത്.
കടബാധ്യതയുമായി ബന്ധപ്പെട്ട കേസുകളിൽ പിടികിട്ടേണ്ട രണ്ടുപേർ, ആരോഗ്യപരമായ കാരണങ്ങളാൽ അയോഗ്യരായ രണ്ടുപേർ, രണ്ടു തെരുവുകച്ചവടക്കാർ, പിടികിട്ടേണ്ട ഒരാൾ, നിലവിലില്ലാത്ത ഒരു കമ്പനിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരാൾ, രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കപ്പെട്ട ഒരാൾ എന്നിവരെയും കസ്റ്റഡിയിലെടുത്തു. ജഹ്‌റ ഗവർണറേറ്റിലും സുരക്ഷാ-ഗതാഗത പരിശോധനാ നടന്നു. 103 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി. കാലാവധി കഴിഞ്ഞ റസിഡൻസി പെർമിറ്റുള്ള 15 പേർ, പിടികിട്ടാപ്പുള്ളികളായ 15 പേർ, തിരിച്ചറിയൽ രേഖകളില്ലാത്ത 12 പേർ, ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒമ്പതു പേർ എന്നിവരെ അറസ്റ്റ് ചെയ്തു. ഏഴ് വാഹനങ്ങൾ പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.