കുവൈത്ത് സിറ്റി: സ്ഥാപക ദിനം ആഘോഷിക്കുന്ന ഗൾഫ് സഹകരണ കൗൺസിലിന് (ജി.സി.സി) കുവൈത്തിന്റെ അഭിനന്ദനം. ജി.സി.സിയുടെ 44- ാം വാർഷികത്തോടനുബന്ധിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ജി.സി.സി രാജ്യങ്ങളിലെ നേതാക്കളെയും ജനങ്ങളെയും അഭിനന്ദിച്ചു. 1981ൽ ആരംഭിച്ച ജി.സി.സി രാജ്യങ്ങളുടെ കൂട്ടായ്മ ഏകീകൃത ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ബന്ധവും ശക്തിപ്പെടുത്തി. മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾ നടത്തുന്നതായും കുവൈത്ത് വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
കൗൺസിലിന്റെ നിലവിലെ സെഷന്റെ അധ്യക്ഷത കുവൈത്തിനാണ്. അന്തരിച്ച അമീർ ശൈഖ് ജാബിർ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ജി.സി.സി സ്ഥാപനത്തെക്കുറിച്ചുള്ള ആശയം ആദ്യമായി നിർദേശിച്ചതും വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു. കൗൺസിൽ സ്ഥാപിക്കുന്നതിൽ ജി.സി.സി രാജ്യങ്ങളിലെ നേതാക്കൾ എടുത്ത പ്രധാന പങ്കും തീരുമാനവും മന്ത്രാലയം അനുസ്മരിച്ചു.
വെല്ലുവിളികളുടെയും അപകടസാധ്യതകളുടെയും വ്യാപ്തിയെക്കുറിച്ചുള്ള ജ്ഞാനവും യഥാർത്ഥ അവബോധവും ഈ ജി.സി.സി കൗൺസിൽ പ്രകടമാക്കുന്നു. ക്രിയാത്മകമായ സഹകരണത്തിനും സംയുക്ത ഏകോപനത്തിനും ഉറച്ച അടിത്തറപാകുകിയ ജി.സി.സി കൗൺസിൽ തന്ത്രപരമായ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തതായും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടാക്കാട്ടി.
1981മേയ് 25നാണ് ഗൾഫ് സഹകരണ കൗൺസിൽ രൂപവത്കരിച്ചത്. കുവൈത്ത്, സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, ഖത്തർ, ബഹറൈൻ എന്നിവയാണ് അംഗരാജ്യങ്ങൾ. ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തിക പുരോഗതിയും സൈനിക-രാഷ്ട്രീയ സഹകരണവുമാണ് കൗൺസിൽ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.