സമാധാന ശ്രമങ്ങളെ സ്വാഗതം ചെയ്ത് കുവൈത്തും യു.എസും

കുവൈത്ത് സിറ്റി: ഇറാൻ -യു.എസ് സംഘർഷ പശ്ചാത്തലത്തിൽ സമാധാന ശ്രമങ്ങളെ സ്വാഗതം ചെയ്തു കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും. കിരീടാവകാശിയെ ഫോണിൽ വിളച്ച് ട്രംപ് മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പുതിയ സംഭവവികാസങ്ങളും, പിരിമുറുക്കങ്ങൾ കുറക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളും ചർച്ച ചെയ്തു.

യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്ന കരാർ ഏകോപിപ്പിക്കുന്നതിനുള്ള വഴികളും ഇരുവരും വിലയിരുത്തി. മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും സൂചിപ്പിച്ചു. സമാധാനം നിലനിർത്തുന്നതിനും ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സംഭാഷണങ്ങളിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും തർക്കങ്ങൾ പരിഹരിക്കുന്നതിനും, നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.

അമേരിക്കയും ഇറാനും തമ്മിൽ രൂപപ്പെടുത്തുന്ന കരാറിനെ കിരീടാവകാശി സ്വാഗതം ചെയ്തു. പ്രാദേശിക, അന്തർദേശീയ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും മേഖലയിലെ രാജ്യങ്ങൾക്കിടയിൽ സമാധാനത്തിനും സഹകരണത്തിനും സാധ്യതകൾ വർധിപ്പിക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങൾക്കും കുവൈത്തിന്റെ പിന്തുണ അറിയിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വഴികളെ പിന്തുണക്കുന്നതിൽ അമേരിക്കൻ പ്രസിഡന്റ് നടത്തിയ അക്ഷീണ ശ്രമങ്ങളെയും പ്രശംസിച്ചു. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ ആശംസകളും കിരീടാവകാശി ഡോണൾഡ് ട്രംപിനെ അറിയിച്ചു.

Tags:    
News Summary - Kuwait and US welcome peace efforts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.