തന്ത്രപ്രധാന ചർച്ച ആരംഭിക്കാൻ കുവൈത്തും പാകിസ്താനും; സമാധാന ശ്രമങ്ങളുമായി അറബ്-യു.എസ് ഉച്ചകോടി

കുവൈത്ത് സിറ്റി: യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ആതിഥേയത്വം വഹിച്ച അറബ്-യു.എസ് ഉച്ചകോടിയിൽ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് പങ്കെടുത്തു. യു.എൻ പൊതുസഭയുടെ 81ാമത് സമ്മേളനത്തോടനുബന്ധിച്ച് ന്യൂയോർക്കിൽ വെച്ചായിരുന്നു ഉച്ചകോടി.

മേഖലയിലെ രാജ്യങ്ങൾക്കെതിരായ ഇറാൻ്റെ ആക്രമണങ്ങൾ, പ്രാദേശിക സുരക്ഷാ ഭീഷണികൾ, തന്ത്രപ്രധാനമായ അന്താരാഷ്ട്ര ജലപാതകളിലെ നാവിഗേഷൻ സുരക്ഷ, ആഗോള ഊർജ്ജ വിതരണത്തിലെ സ്ഥിരത, ഗസ്സയിലെ പ്രതിസന്ധി എന്നിവ ചർച്ചകളിൽ ഉൾപ്പെട്ടു.

പ്രാദേശികവും ആഗോളവുമായ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സംഘർഷം ലഘൂകരിക്കുന്നതിനെ പിന്തുണക്കുന്നതിനും മേഖലയിൽ സമാധാനം കെട്ടിപ്പടുക്കുന്നതിനും അമേരിക്കയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെയും തുടർ ഏകോപനത്തിന്റെയും പ്രാധാന്യം വിവിധ രാജ്യങ്ങൾ ഊന്നിപ്പറഞ്ഞു.

പാകിസ്താൻ, ഇറാഖ് പ്രധാനമന്ത്രിമാരുമായും സെനഗൽ പ്രസിഡന്റുമായും കിരീടാവകാശി പ്രത്യേകം ചർച്ചകൾ നടത്തി. പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയ കിരീടാവകാശി, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും തന്ത്രപ്രധാന മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനുള്ള വഴികളും അവലോകനം ചെയ്തു.

പതിവ് കൂടിയാലോചനകൾക്കായുള്ള സ്ഥാപനപരമായ ചട്ടക്കൂട് എന്ന നിലയിൽ, ഇരുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാർ സംയുക്തമായി അധ്യക്ഷത വഹിക്കുന്ന ഔദ്യോഗിക തന്ത്രപ്രധാന ചർച്ചാ സംവിധാനം രൂപവത്കരിക്കാൻ ഇരുപക്ഷവും ധാരണയിലെത്തി. ജനറൽ അസംബ്ലിയുടെ അജണ്ടയിലുള്ള വിഷയങ്ങളും പ്രാദേശിക, അന്താരാഷ്ട്ര സംഭവവികാസങ്ങളും ഇരുവരും ചർച്ച ചെയ്തു.

ഇറാഖ് പ്രധാനമന്ത്രി അലി അൽ സൈദിയയുമായുള്ള കൂടികാഴ്ചയിൽ ഉഭയകക്ഷി ബന്ധങ്ങൾ, വിവിധ മേഖലകളിലെ സഹകരണ സാധ്യതകൾ, പ്രാദേശിക-അന്താരാഷ്ട്ര സംഭവവികാസങ്ങൾ എന്നിവ അവലോകനം ചെയ്തു. സെനഗൽ പ്രസിഡന്റ് ബസിറു ഡിയോമയേ ഫായെയുമായുള്ള കൂടിക്കാഴ്ചയിൽ, അമീറിന്റെ ആശംസകൾ കൈമാറിയ കിരീടാവകാശി, പ്രസിഡന്റിന് ആരോഗ്യവും സെനഗൽ ജനതക്ക് കൂടുതൽ പുരോഗതിയും നേർന്നു. ഉഭയകക്ഷി ബന്ധങ്ങൾ അവലോകനം ചെയ്യുകയും സഹകരണത്തെക്കുറിച്ചും പ്രാദേശിക, അന്താരാഷ്ട്ര സംഭവവികാസങ്ങളെക്കുറിച്ചും ചർച്ച ചെയ്യുകയും ചെയ്തു.

വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്, കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ അതോറിറ്റി (കെ.ഡി.ഐ.പി.എ) ഡയറക്ടർ ജനറൽ ശൈഖ് ഡോ. മിശ്അൽ ജാബിർ അൽ അഹ്മദ് അസ്സബാഹ് എന്നിവരും യോഗങ്ങളിൽ പങ്കെടുത്തു.

Tags:    
News Summary - Kuwait and Pakistan to begin strategic talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.