കുവൈത്ത് എയർവേസ് പൂർണമായും സർക്കാർ ഉടമസ്ഥ സ്ഥാപനമാകുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് എയർവേസിനെ പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള ഓഹരി ഉടമ കമ്പനിയാക്കുന്നു. ഇതിനായ​ുള്ള നിയമം കഴിഞ്ഞ ദിവസം പുറത്തിറക്കി. 11 വകുപ്പുകളുള്ള ഈ നിയമം, കുവൈത്ത് എയർവേസിന്റെ നിയമപരമായ ചട്ടക്കൂട് ആധുനികവൽക്കരിക്കാനും, മത്സരശേഷി വർധിപ്പിക്കാനും, രാജ്യത്തിന്റെ സാമ്പത്തിക-നിയമനിർമ്മാണ പരിഷ്കരണങ്ങളുമായി അതിനെ യോജിപ്പിക്കാനും ലക്ഷ്യമിടുന്നു.

പുതിയ നിയമപ്രകാരം, കുവൈത്ത് എയർവേസിന്റെ എല്ലാ ഓഹരികളും നേരിട്ട് സർക്കാരിന്റെ ഉടമസ്ഥതയിലായിരിക്കും. മന്ത്രിസഭയുടെ അനുമതിയില്ലാതെ ഇവ വിൽക്കാനോ പണയം വെക്കാനോ മറ്റേതെങ്കിലും വിധത്തിൽ കൈമാറ്റം ചെയ്യാനോ പാടില്ല. കമ്പനി നിയമം, മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ, ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ എന്നിവക്ക് അനുസൃതമായാകും എയർലൈൻ പ്രവർത്തിക്കുക.

കുവൈത്ത് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ബോർഡ് കമ്പനിയുടെ ജനറൽ അസംബ്ലിയുടെ അധികാരങ്ങൾ വിനിയോഗിക്കുകയും ബോർഡ് ഓഫ് ഡയറക്ടർമാരെ നിയമിക്കുകയും ചെയ്യും. ഭരണപരവും സാമ്പത്തികവുമായ തീരുമാനങ്ങളിൽ കുവൈത്ത് എയർവേയ്‌സിന് കൂടുതൽ സ്വാതന്ത്ര്യവും പ്രവർത്തന സ്വാതന്ത്ര്യവും നിയമം നൽകുന്നു. ജീവനക്കാരുടെ നിയമനവും സേവന വ്യവസ്ഥകളും നിയന്ത്രിക്കുന്നതിന് പുതിയ ചട്ടങ്ങൾ രൂപീകരിക്കാനും ബോർഡിന് അധികാരമുണ്ടാകും. നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തിൽ വരും.

Tags:    
News Summary - കുവൈത്ത് എയർവേസ് പൂർണമായും സർക്കാർ ഉടമസ്ഥ സ്ഥാപനമാകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.