ജോര്‍ഡന്‍, ഈജിപ്ഷ്യന്‍ അധ്യാപകര്‍  കൂട്ടരാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജോലിചെയ്യുന്ന ഈജിപ്ഷ്യന്‍, ജോര്‍ഡനിയന്‍ അധ്യാപകര്‍ കൂട്ടരാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 
ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയിലെ അസംതൃപ്തി കാരണം നൂറുകണക്കിന് അധ്യാപകര്‍ മാര്‍ച്ചില്‍ രാജിവെക്കുമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതിനെ ശരിവെക്കുന്ന സൂചനകളാണ് വിദ്യാഭ്യാസമന്ത്രാലയത്തില്‍നിന്ന് ലഭിക്കുന്നത്. ജൂലൈ ഏഴിന് കരാര്‍ കാലാവധി അവസാനിക്കുന്ന രണ്ടു വിദേശ അധ്യാപകരെ കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു. 
കൂട്ടരാജിയുണ്ടാവുന്നപക്ഷം പകരം നിയമിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം പുതിയ അധ്യാപകരെ തേടുന്നുണ്ട്. ജി.സി.സി പൗരന്മാര്‍ക്കും സ്വദേശികളായ ബിദൂനികള്‍ക്കുമാണ് ഇക്കാര്യത്തില്‍ മുന്‍ഗണന. 
ഇത് അപര്യാപ്തമാവുകയാണെങ്കില്‍ മറ്റു വിദേശ രാജ്യക്കാരെയും പരിഗണിക്കും. ഫലസ്തീനില്‍നിന്ന് അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ട്. 
ജീവിതച്ചെലവ് ഉയര്‍ന്നതിനൊപ്പം താമസ അലവന്‍സ് വെട്ടിക്കുറക്കാനുള്ള തീരുമാനമാണ് ഈജിപ്തുകാരായ അധ്യാപകരെ രാജിക്ക് പ്രേരിപ്പിക്കുന്നതെങ്കില്‍ ശമ്പളം അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജോര്‍ഡനിയന്‍ അധ്യാപകരുടെ പ്രതിഷേധം. 450 അധ്യാപകരെയും 150 വകുപ്പ് തലവന്മാരെയും പിരിച്ചുവിടാനുള്ള നീക്കവും നടക്കുന്നുണ്ട്. ശാസ്ത്ര വിഷയങ്ങളിലാണ് കൂടുതല്‍ അധ്യാപകക്ഷാമം നേരിടുന്നത്. ഇവയില്‍ പ്രാപ്തരായ സ്വദേശികള്‍ ആവശ്യകതക്കനുസരിച്ച് ലഭ്യമല്ളെന്നാണ് വിലയിരുത്തല്‍. 
സോഷ്യോളജി, ഇസ്ലാമിക് സ്റ്റഡീസ്, കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കുന്ന വിദേശികള്‍ക്കാണ് ജോലി നഷ്ടമാവുക.

Tags:    
News Summary - jordhan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.