കുവൈത്ത് സിറ്റി: ഉദ്ഘാടനം കാത്തിരിക്കുന്ന ജാബിർ ആശുപത്രിയിൽ സ്വദേശികൾ കുറഞ്ഞ തോതിൽ ചികിത്സ ചെലവ് വഹിക്കേണ്ടിവരുമെന്ന ആരോഗ്യമന്ത്രാലത്തിെൻറ നിലപാടിനെ വിമർശിച്ച് എം.പിമാർ രംഗത്ത്. സ്വദേശികൾ ചികിത്സ ചെലവ് വഹിക്കേണ്ടിവരുന്ന ഒരു സാഹചര്യവും അംഗീകരിക്കില്ലെന്ന് പാർലമെൻറ് അംഗം നാസർ അൽ ദൂസരി പറഞ്ഞു. സ്വദേശികളുടെ മേൽ ഒരു ശതമാനം ചികിത്സ ചെലവുപോലും അടിച്ചേൽപ്പിക്കുന്നതിനെ ശക്തമായി എതിർക്കും. രാജ്യത്തിെൻറ പൊതുസ്ഥാപനങ്ങളെ കച്ചവടവത്കരിക്കുന്ന നിലപാടിൽനിന്ന് അധികൃതർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സൗജന്യ ചികിത്സ എന്നത് സ്വദേശികൾക്ക് ഭരണഘടനാപരമായി ലഭിക്കേണ്ട അവകാശമാണെന്ന് എം.പി. വലീദ് അൽ തബ്തബാഇ പറഞ്ഞു.
ഇതിന് വിരുദ്ധമായി ചികിത്സ ചെലവിൽ ഒരു ഭാഗം സ്വദേശികൾ വഹിക്കണമെന്ന അഭിപ്രായം തള്ളിക്കളയേണ്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ സർക്കാർ ആശുപത്രികളിൽ സ്വദേശികൾക്ക് എല്ലാ ചികിത്സയും സൗജന്യമായാണ് ലഭിക്കേണ്ടതെന്നും ഇതിന് വിരുദ്ധമായ നിലപാടിനെ എതിർക്കുമെന്നും ഉസാമ അൽ ഷാഹീൻ എം.പിയും വ്യക്തമാക്കി. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ആതുരാലയമായി മാറിയേക്കാവുന്ന ശൈഖ് ജാബിർ ആശുപത്രി മിശരിഫിലാണ് നിർമാണം പുരോഗമിക്കുന്നത്. ലോകോത്തര നിലവാരത്തിൽ അത്യാധുനിക സംവിധാനങ്ങളും സജ്ജീകരണങ്ങളുമാണ് ആശുപത്രിയിലുണ്ടാവുക. ആശുപത്രി പ്രവർത്തിച്ചുതുടങ്ങുന്നതോടെ ചില രോഗങ്ങളുടെ ചികിത്സാർഥം വിദേശത്തുപോകേണ്ട സാഹചര്യം സ്വദേശികൾക്കുണ്ടാവില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.