കുവൈത്ത് സിറ്റി: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ഉപരോധത്തിലും തുടർച്ചയായ ആക്രമണത്തിലും ശക്തമായി പ്രതികരിച്ച് കുവൈത്ത്. ഫലസ്തീനികൾക്ക് മേൽ ഇസ്രായേൽ ഏർപ്പെടുത്ത അന്യായമായ തടസ്സങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും നഗ്നമായ ലംഘനമാെണന്ന് കുവൈത്ത് വിദേശകാര്യമന്ത്രാലയം ചൂണ്ടികാട്ടി.
ഭക്ഷണം തേടിയെത്തുന്നവരെ കൊല്ലുന്നത് ഉൾപ്പെടെയുള്ള ഗുരുതരവും ക്രൂരവുമായ ഇസ്രായേൽ കുറ്റകൃത്യങ്ങളെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. സംഘർഷ സാഹചര്യങ്ങളിൽ സിവിലിയന്മാരെ പട്ടിണിയിലാക്കുന്നതിനെ അപലപിക്കുന്ന 2417ാം പ്രമേയം ഉൾപ്പെടെയുള്ള പ്രസക്തമായ അന്താരാഷ്ട്ര പ്രമേയങ്ങളെ ഇസ്രായേൽ അവഗണിക്കുന്നതായും ചൂണ്ടിക്കാട്ടി.
വിഷയത്തിൽ അന്താരാഷ്ട്ര സമൂഹവും യു.എൻ രക്ഷാകൗൺസിലും നിയമപരവും ധാർമികവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റണം. ഗസ്സയിൽ ജനങ്ങളുടെ മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം നീക്കുകയും യു.എൻ പ്രമേയങ്ങൾ നടപ്പക്കുന്നത് ഉറപ്പാക്കുകയും വേണം. ഗസ്സയിലേക്ക് മാനുഷിക സഹായങ്ങൾ എത്തിക്കാൻ ഉടനടി അനുവദിക്കണമെന്നും കുവൈത്ത് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഗസ്സയിലുടനീളം കുഞ്ഞുങ്ങൾക്കുള്ള പോഷകാഹാരങ്ങൾക്ക് പോലും കടുത്ത നിയന്ത്രണമാണ് ഇസ്രായേൽ തുടരുന്നത്. പ്രായം തികയാതെ പ്രസവിച്ച് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്ന 580 കുരുന്നുകൾ ഗസ്സ ആശുപത്രികളിൽ കഴിയുന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. സമീപകാലത്തായി ഗസ്സയിൽ മാത്രം പോഷണക്കുറവു മൂലം ചുരുങ്ങിയത് 66 കുഞ്ഞുങ്ങൾ മരിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. ഭക്ഷണ വിതരണം നടത്തുന്ന കേന്ദ്രങ്ങളിലെത്തുന്നവർക്കു നേരെയും ഇസ്രായേൽ ആക്രമണം അഴിച്ചുവിടുന്നുണ്ട്.
വെടിവെപ്പിൽ ദിവസവും നിരവധിപേരാണ് കൊല്ലപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.