കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ കുവൈത്തിലെ മുതിർന്ന മലയാളി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന 11ാമത് ഇസ്കോൺ സമ്മേളനം ഈ മാസം 25, 26 തീയതികളിലായി മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ നടക്കും.
വെള്ളിയാഴ്ച വൈകുന്നേരം 5.45ന് പൊതുസമ്മേളനം ഔഖാഫ് മന്ത്രാലയം ഫോറിൻ അഫേയഴ്സ് ഡയറക്ടർ ശൈഖ് റൂമി മതർ അൽ റൂമി ഉദ്ഘാടനം ചെയ്യും. ഇസ്ലാഹി സെന്റർ പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി അധ്യക്ഷത വഹിക്കും.
ഇഹിയാതു റാസ് ഇസ്ലാമി ചെയർമാൻ ശൈഖ് ത്വാരിഖ് സാമി സുൽത്താൻ അൽ ഈസ മുഖ്യ അതിഥിയാവും.‘കടമ നിറവേറ്റുന്ന രക്ഷാ കർതൃത്വം’ എന്ന വിഷയത്തിൽ അബ്ദു റഹിമാൻ ഫാറൂഖി ചുങ്കത്തറ, ‘ഖുർആൻ ഹൃദയ വസന്തം’ എന്ന വിഷയത്തിൽ മുസ്തഫ മദനി, ‘നാളെയുടെ രക്ഷക്ക് നേരായ പാത’ എന്ന വിഷയത്തിൽ സിറാജുൽ ഇസ്ലാം ബാലുശ്ശേരി എന്നിവർ പ്രഭാഷണം നിർവഹിക്കും.
ശൈഖ് ഫലാഹ് ഖാലിദ് അല്‍ മുതൈരിയുടെ ഖുർആൻ പാരായണ നിയമങ്ങൾ അടങ്ങിയ പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടക്കും.
ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ 4.15 വരെ സ്റ്റുഡന്റ്സ് കോൺഫറൻസിൽ പി.എൻ. അബ്ദുൽ ലത്തീഫ് മദനി, സിറാജുൽ ഇസ്ലാം ബാലുശ്ശേരി, മുസ്തഫ മദനി, അബ്ദുറഹിമാൻ ഫാറൂഖി, പി.എൻ. അബ്ദു റഹിമാൻ, അബ്ദുസ്സലാം സ്വലാഹി, ശബീർ സലഫി, ഷഫീഖ് മോങ്ങം, അബ്ദു റഹിമാൻ തങ്ങൾ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കും. പെൺകുട്ടികൾക്കായുള്ള പ്രത്യേക സെഷനിൽ ഡോ. റൈഹാന സകരിയ, ഡോ. മുഫാസില എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.