ഫഹാഹീലിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കുന്നു
കുവൈത്ത് സിറ്റി: റോഡരികിലും മറ്റും ദീർഘനാൾ വാഹനങ്ങൾ പാർക്ക് ചെയ്തു പോകുന്നവർ ശ്രദ്ധിക്കുക. ഇത് നിയമ നടപടികൾക്ക് കാരണമാകാം. പൊതുസ്ഥല കയ്യേറ്റം കണ്ടെത്തൽ, ശുചിത്വം നിലനിർത്തൽ എന്നിവയുടെ ഭാഗമായി രാജ്യത്ത് മുനിസിപ്പാലിറ്റി പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം ഫഹാഹീലിൽ നടത്തിയ പരിശോധനയിൽ 27 നിയമലംഘനങ്ങൾ കണ്ടെത്തി. കൈയേറ്റങ്ങൾ നീക്കം ചെയ്തു പൊതു ഇടങ്ങൾ വൃത്തിയാക്കി.
വിവിധ സ്ഥലങ്ങളിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട 60 കാറുകളും മോട്ടോർ സൈക്കിളുകളും മുനിസിപ്പൽ സംഘങ്ങൾ പിടിച്ചെടുത്തു. അടിഞ്ഞുകൂടിയ 15 ലോഡ് മാലിന്യങ്ങളും ഉപേക്ഷിച്ച ടയറുകളും നീക്കം ചെയ്തു. 19 അനധികൃത പോസ്റ്ററുകൾ നീക്കം ചെയ്തു. രാജ്യത്തുടനീളം റെസിഡൻഷ്യൽ, വാണിജ്യ മേഖലകളിൽ നിയമം കർശനമായി നടപ്പിലാക്കുന്നതിനും പൊതുശുചിത്വം പാലിക്കുന്നതിനും ദൃശ്യ മലിനീകരണം തടയുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് നടപടിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പൊതു ശുചിത്വ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും നഗരത്തിന്റെ രൂപഭംഗി നിലനിർത്തുന്നതിനും സുരക്ഷാ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും തുടർച്ചയായ പരിശോധനാ നടപടികൾ തുടരുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.