കുവൈത്ത് സിറ്റി: കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി തൊഴിലാളി വിഭാഗമായി ഇന്ത്യക്കാർ തുടരുന്നു. ലേബർ മാർക്കറ്റ് ഇൻഫർമേഷൻ സിസ്റ്റം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 5,78,900 ഇന്ത്യക്കാർ ജോലി ചെയ്യുന്നു. കുവൈത്തിലെ ആകെ പ്രവാസി തൊഴിലാളികളുടെ 25.5 ശതമാനമാണ് ഇത്. ഗാർഹിക തൊഴിലാളികളെ ഒഴിവാക്കിയുള്ള കണക്കുകളാണ് ഇത്.
ഇന്ത്യക്ക് പിന്നാലെ ഈജിപ്ത് (4,67,900 പേർ) രണ്ടാം സ്ഥാനത്തും കുവൈത്തികൾ മൂന്നാം സ്ഥാനത്തുമാണ്. ബംഗ്ലാദേശ്, നേപ്പാൾ, സിറിയ, പാകിസ്താൻ, ഫിലിപ്പീൻസ്, ശ്രീലങ്ക, ജോർഡൻ എന്നിവരാണ് ആദ്യ പത്തിൽ ഉൾപ്പെടുന്നത്. സ്വകാര്യ മേഖലയിലാണ് ഏറ്റവും കൂടുതൽ തൊഴിലാളികൾ പ്രവർത്തിക്കുന്നത്. ഏകദേശം 17.9 ലക്ഷം പേർ ഈ മേഖലയിലാണ്. ഹോൾസെയിൽ-റീട്ടെയിൽ, നിർമാണം, ഭക്ഷണ-താമസ മേഖലകൾ എന്നിവയിലാണ് പ്രധാന തൊഴിൽ കേന്ദ്രീകരണം.
പൊതുമേഖലയിലും പ്രവാസി തൊഴിലാളികളുടെ സാന്നിധ്യം ശക്തമാണ്. ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ 46,700 പേരും വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ 33,100 പേരും സേവനം അനുഷ്ഠിക്കുന്നു. കുവൈത്തിലെ തൊഴിൽ വിപണിയിൽ സ്ഥിരതയാർന്ന വളർച്ചയും കണക്കുകൾ രേഖപ്പെടുത്തുന്നു. 2024 ൽ 29.5 ലക്ഷമായിരുന്ന തൊഴിലാളികളുടെ എണ്ണം 2025 ഡിസംബർ അവസാനം 30.4 ലക്ഷമായി ഉയർന്നു. അഞ്ചു ദശലക്ഷം കുവൈത്ത് ജനസംഖ്യയിൽ 29 ശതമാനം ഇന്ത്യൻ പ്രവാസികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.