കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യമേഖലയിൽ സ്വദേശിസംവരണം പാലിക്കാത്ത കമ്പനികൾക്കുള്ള പിഴ വർധിപ്പിക്കുന്നു. സർക്കാറിതര കമ്പനികളിലെ സ്വദേശി അനുപാതം പുനർനിർണയിക്കാനും മാൻപവർ അതോറിറ്റി ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. 25ൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികളിൽ നിശ്ചിത ശതമാനം ജീവനക്കാർ കുവൈത്തികൾ ആകണമെന്നാണ് ചട്ടം. ഇത് പാലിക്കാത്ത കമ്പനികൾക്കുള്ള പിഴ വർധിപ്പിക്കാനാണ് അധികൃതർ ഒരുങ്ങുന്നത്. മാൻപവർ അതോറിറ്റിയിലെ നാഷനൽ ലേബർ വിഭാഗം നേരേത്ത സിവിൽ സർവിസ് കമീഷൻ സമർപ്പിച്ച നിർദേശം ഇപ്പോൾ മന്ത്രിസഭയുടെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്.
സ്വകാര്യ കമ്പനികൾ ചട്ടങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പു വരുത്താനും സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കാനുമാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നത്. സർക്കാറിതര സ്ഥാപനങ്ങളിലെ കുവൈത്തി ജീവനക്കാരുടെ അനുപാതം പുനഃപരിശോധിച്ചുവരുകയാണെന്നും മാൻപവർ അതോറിറ്റി വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന കുവൈത്ത് പൗരന്മാർക്ക് സർക്കാർ പ്രത്യേക ആനുകൂല്യങ്ങൾ നൽകിവരുന്നുണ്ട്. ഇതിനായി ഓരോ വർഷവും വലിയൊരു തുകയാണ് ചെലവഴിക്കുന്നത്. എന്നിട്ടും സ്വകാര്യമേഖലയിൽ തൊഴിലെടുക്കാൻ സ്വദേശികൾ വിമുഖത കാണിക്കുന്ന സ്ഥിതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.