കുവൈത്ത് സിറ്റി: ഒമിക്രോൺ വാർത്തകൾ കുവൈത്തിൽ സ്വർണ വിൽപന വർധിപ്പിച്ചു. കുവൈത്തികൾ പൊതുവേ സ്വർണാഭരണങ്ങൾ വൻതോതിൽ ഉപയോഗിക്കുന്നവരല്ലെങ്കിലും നിക്ഷേപമായി കണ്ട് വാങ്ങുന്നതായാണ് വിപണിയിൽനിന്നുള്ള വിവരം. വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുമ്പോൾ സ്വർണവില വർധിക്കാറുണ്ട്. സ്റ്റോക്ക് മാർക്കറ്റ് പോലെയുള്ളവയിൽനിന്ന് ആളുകൾ നിക്ഷേപം സ്വർണത്തിലേക്ക് മാറുന്നതുകൊണ്ടാണിത്. കുവൈത്ത് സ്റ്റോക് മാർക്കറ്റിൽ കഴിഞ്ഞയാഴ്ച തകർച്ചയുണ്ടായി.
സ്വർണ ബിസ്കറ്റുകളും നാണയങ്ങളുമാണ് നിക്ഷേപ ലക്ഷ്യത്തോടെ വാങ്ങുന്നത്. ആകെ വിൽപനയുടെ 60 ശതമാനം ബിസ്കറ്റും 40 ശതമാനം ആഭരണങ്ങളുമാണെന്ന് മേഖലയിലെ വിദഗ്ധർ പറയുന്നു. അതിനിടെ കുവൈത്തിൽ സ്വർണ വസ്ത്രം പ്രചാരം നേടുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. 21, 18 കാരറ്റ് സ്വർണം കൊണ്ട് നിർമിച്ച വസ്ത്രങ്ങൾക്ക് ആവശ്യക്കാരേറി വരുന്നതായി ഈ രംഗത്തെ വിദഗ്ധൻ പറയുന്നു. ഇത് പുതിയ ഉൽപന്നമല്ലെങ്കിലും സമീപകാലത്ത് കുവൈത്തി സ്ത്രീകൾക്കിടയിൽ പ്രചാരം വർധിച്ചു.
300 ഗ്രാം വരെ തൂക്കമുള്ള 5000 മുതൽ 60,000 വരെ ദീനാർ വിലയുള്ള വസ്ത്രങ്ങളുണ്ട്. തുർക്കിയിൽനിന്നും യു.എ.ഇയിൽനിന്നും ഉപഭോക്താക്കളുടെ ഇഷ്ടമനുസരിച്ച് രൂപകൽപന ചെയ്ത സ്വർണ വസ്ത്രങ്ങൾ ഒരു സ്ഥാപനം എത്തിച്ചതോടെയാണ് കൂടുതൽ ആവശ്യക്കാരുണ്ടായത്.
ഓൺലൈനിൽ ഇത്തരം ഉൽപന്നങ്ങളുടെ പരസ്യം കാണാം. ആഡംബര വസ്ത്രം എന്നതിനൊപ്പം ദീർഘകാല നിക്ഷേപം എന്ന നിലയിൽകൂടി ആളുകൾ ഇതിനോട് താൽപര്യം പ്രകടിപ്പിക്കുന്നതായാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.