കുവൈത്ത് സിറ്റി: രാജ്യത്ത് വരുംദിവസങ്ങളിലും ചൂടുള്ളതും വരണ്ടതുമായ കാറ്റ് തുടരും. കാറ്റ് ചിലപ്പോൾ സജീവമാകും. ഇത് തുറന്ന പ്രദേശങ്ങളിൽ പൊടിക്കാറ്റിന് കാരണമാകുമെന്നും, ദൃശ്യപരത കുറയുമെന്നും കാലാവസ്ഥ വകുപ്പ് ഡയറക്ടർ ളരാർ അൽ അലി അറിയിച്ചു.
ഇന്ത്യൻ മൺസൂൺ ന്യൂനമർദത്തിന്റെ വ്യാപനത്തോടൊപ്പം ചൂടുള്ളതും വരണ്ടതുമായ വായുപിണ്ഡവും രാജ്യത്തെ ബാധിക്കും. മണിക്കൂറിൽ 15 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് സജീവമാകുമെന്നും കാലാവസ്ഥ ഭൂപടങ്ങളും സംഖ്യാ മാതൃകകളും സൂചിപ്പിക്കുന്നതായി ളരാർ അൽ അലി പറഞ്ഞു.
വെള്ളിയാഴ്ച കാറ്റിന്റെ പ്രവർത്തനം ക്രമേണ വർധിക്കും. ചില സമയങ്ങളിൽ മണിക്കൂറിൽ 22 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് സജീവമാകും. ഉയർന്ന കടൽ തിരമാലകൾക്കും സാധ്യതയുണ്ട്. ശനിയാഴ്ചയും വടക്കുപടിഞ്ഞാറൻ കാറ്റ് സജീവമായി തുടരും. കാറ്റ് മണിക്കൂറിൽ 25 മുതൽ 65വരെ കിലോമീറ്റർ വേഗത്തിൽ സജീവമാകും.
രാത്രിയിലും കനത്ത ചൂട് തുടരും. ശനിയാഴ്ച പകൽ പ്രതീക്ഷിക്കുന്ന പരമാവധി താപനില 44- 46 ഡിഗ്രി സെൽഷ്യസിന് ഇടയിലും കുറഞ്ഞ താപനില 30- 32 ഡിഗ്രി സെൽഷ്യസിന് ഇടയിലുമാകും. തിരശ്ചീന ദൃശ്യപരതയിൽ പെട്ടെന്ന് കുറവുണ്ടാകുന്നതിനെക്കുറിച്ച് വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണം. ഉയർന്ന തിരമാലകൾക്ക് സാധ്യത ഉള്ളതിനാൽ കടൽത്തീരത്ത് പോകുന്നവരും ശ്രദ്ധിക്കണം. ആസ്ത്മയും അലർജിയും ഉള്ളവർ പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കണമെന്നും അധികൃതർ ഉണർത്തി.
കാലാവസ്ഥ വിവരങ്ങൾ അറിയാൻ സഹൽ ആപ്ലിക്കേഷൻ, വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ്, ആപ്ലിക്കേഷൻ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ അക്കൗണ്ടുകൾ എന്നിവ പിന്തുടരാനും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.