വോളന്ററി വർക്ക് സെന്റർ മേധാവി ശൈഖ അംതാൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് തെക്കൻ മേഖലയിലെ പൈതൃക മാർക്കറ്റ് സന്ദർശിക്കുന്നു
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വടക്കൻ, തെക്കൻ പ്രദേശങ്ങളിൽ മുബാറകിയ മാർക്കറ്റിന് സമാനമായ രണ്ട് പൈതൃക വിപണികൾ സ്ഥാപിക്കാനുള്ള നീക്കത്തെ സ്വാഗതം ചെയ്ത വോളന്ററി വർക്ക് സെന്റർ മേധാവി ശൈഖ അംതാൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്. ഇതിനായുള്ള നിർദേശങ്ങൾ പുറപ്പെടുവിച്ചതിന് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് അവർ ആത്മാർഥമായ നന്ദിയും കടപ്പാടും അറിയിച്ചു.
രാജ്യത്തിന്റെ തെക്കൻ മേഖലയിലെ പഴയ പൈതൃക മാർക്കറ്റ് സന്ദർശിക്കുകയായിരുന്നു വോളന്ററി വർക്ക് സെന്റർ മേധാവി. ഈ പ്രദേശങ്ങളിലെ താമസക്കാർക്ക് സേവനം നൽകലും സാമ്പത്തിക, സാംസ്കാരിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ് പദ്ധതി വഴി ലക്ഷ്യമിടുന്നതെന്ന് ശൈഖ അംതാൽ പറഞ്ഞു. പദ്ധതികളെക്കുറിച്ച് പഠിക്കാനും തുടർനടപടികൾ സ്വീകരിക്കാനും അമീർ ഇൻഫർമേഷൻ, സാംസ്കാരിക, യുവജനകാര്യ മന്ത്രി അബ്ദുൽറഹ്മാൻ അൽ മുതൈരിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
മുബാറക്കിയ മാർക്കറ്റ് വികസിപ്പിക്കുന്നതിലെ മുൻകാല അനുഭവത്തെ അടിസ്ഥാനമാക്കി പൈതൃക വിപണിയുടെ ആശയത്തിന് വോളന്ററി വർക്ക് സെന്റർ സഹായം തേടിയതിന് മന്ത്രി അബ്ദുൽറഹ്മാൻ അൽ മുതൈരിക്കും ശൈഖ അംതാൽ നന്ദിയും കടപ്പാടും പ്രകടിപ്പിച്ചു. ജഹ്റയിലെ വടക്കൻ മാർക്കറ്റ് രൂപകൽപന ചെയ്യുന്നതിലും സ്ഥാപിക്കുന്നതിലും വഹിച്ച പങ്കിന് മുനിസിപ്പൽ കാര്യ സഹമന്ത്രിയും ഭവനകാര്യ സഹമന്ത്രിയുമായ അബ്ദുല്ലത്തീഫ് അൽ മഷാരിക്കും കുവൈത്ത് മുനിസിപ്പാലിറ്റിക്കും അവർ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.