കുവൈത്തിൽ പൊടിയും മഞ്ഞും നിറഞ്ഞ് അന്തരീക്ഷം
കാലാവസ്ഥമാറ്റം, മഴസാധ്യത
കുവൈത്ത്സിറ്റി: രാജ്യത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത. പൊടിക്കാറ്റ് കാരണം കാഴ്ചാപരിധി കുറയാനും, ഇടക്കിടെ ശക്തമായ കാറ്റ് വീശാനും, മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. പകൽ സമയങ്ങളിൽ ചൂടും ഈർപ്പവും കൂടുതലായിരിക്കുമെന്നും, രാത്രിയിൽ മിതമായ കാലാവസ്ഥയും ഉയർന്ന ഈർപ്പവും അനുഭവപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വ്യാഴാഴ്ച രാജ്യത്ത് പൊടിയും മഞ്ഞും നിറഞ്ഞ അന്തരീക്ഷം പ്രകടമായി. ബുധനാഴ്ച രാത്രി വിവിധ ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ നേരിയ മഴയും അനുഭവപ്പെട്ടു.
ഉപരിതലത്തിലുള്ള ന്യൂനമർദ്ദ മേഖലയുടെ ഒരു ഭാഗം, അന്തരീക്ഷത്തിന്റെ ഉയർന്ന തലത്തിലുള്ള മറ്റൊരു ന്യൂനമർദ്ദവുമായി ഒത്തുചേരുന്നതാണ് നിലവിലെ സാഹചര്യത്തിന് കാരണം. ഇതിന്റെ ഫലമായി താഴ്ന്നതും ഇടത്തരവുമായ മേഘങ്ങൾ രൂപപ്പെടുന്നു. കാറ്റ് പല ദിശകളിൽ നിന്ന് വീശാനും, പിന്നീട് തെക്കുകിഴക്ക് ദിശയിലേക്ക് മാറാനും സാധ്യതയുണ്ട്. കാറ്റിന്റെ ശക്തി നേരിയതോ മിതമായതോ ആയിരിക്കുമെങ്കിലും ഇടക്കിടെ ശക്തമായേക്കാം. വൈകുന്നേരങ്ങളിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യതയുണ്ട്.
13 ദിവസം നീളുന്ന പരമ്പരാഗത വസ്മ് സീസണിലെ രണ്ടാംഘട്ടമായ സമാക്ക് സീസണ് വ്യാഴാഴ്ച തുടക്കമായി. നവംബർ 10 വരെ നീളുന്ന ഈ കാലയളവിൽ രാത്രികാലങ്ങളിൽ തണുപ്പ് വർധിക്കും. സൂര്യോദയത്തോടനുബന്ധിച്ച് ഈർപ്പമുള്ള കാറ്റും, രാത്രിയുടെ ദൈർഘ്യം വർധിക്കുന്നതും പ്രത്യേകതയാണ്. ഒറ്റപ്പെട്ട മഴക്കും സാധ്യത കൂടുതലാണ്.
റോഡിൽ ശ്രദ്ധ വേണം
കുവൈത്ത് സിറ്റി: മഴക്കാലത്ത് റോഡ് ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും, സ്വന്തം സുരക്ഷക്കും മറ്റുള്ളവരുടെ സുരക്ഷയും ശ്രദ്ധിക്കണമെന്നും ഉണർത്തി ഗതാഗത വകുപ്പ്. അപകടങ്ങൾ കുറക്കുന്നതിനും ജീവൻ സംരക്ഷിക്കുന്നതിനും ഗതാഗത നിയമങ്ങൾ പാലിക്കൽ, വേഗത പരിധികൾ ശ്രദ്ധിക്കൽ, മുൻകരുതലുകൾ സ്വീകരിക്കൽ എന്നിവ അനിവാര്യമാണ്.
വാഹനങ്ങൾ ഒരുക്കാം
ശൈത്യകാല കാലാവസ്ഥ, മഴ എന്നിവ കണക്കിലെടുത്ത് വാഹനങ്ങൾ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണം. യാത്രക്ക് മുമ്പ് വാഹനങ്ങൾ നല്ല നിലയിലാണെന്ന് ഉറപ്പാക്കണം. ടയറുകൾ, ബ്രേക്കുകൾ, വിൻഡ്ഷീൽഡ് വൈപ്പറുകൾ, ലൈറ്റുകൾ എന്നിവ പരിശോധിച്ച് പ്രവർത്തനം ഉറപ്പുവരുത്തണം.
അനുയോജ്യമല്ലാത്ത കാലാവസഥയിൽ മുന്നിലുള്ള വാഹനങ്ങളിൽ നിന്ന് മതിയായ അകലം പാലിച്ചും വേഗത പരിധി ശ്രദ്ധിച്ചും വാഹനങ്ങൾ ഓടിക്കണം. മഴ കാഴ്ചാപരിധി കുറക്കാനും, റോഡിൽ ടയറുകൾക്കുള്ള ഗ്രിപ്പ് കുറക്കാനും ഇടയാക്കും. ഇതിനാൽ കൂടുതൽ ജാഗ്രതയോടെയും ഉത്തരവാദിത്തത്തോടെയും വാഹനമോടിക്കണം.
തിരക്കുള്ള റോഡുകൾ ഒഴിവാക്കാം
തിരക്കുള്ള റോഡുകൾ ഒഴിവാക്കാനും ബദൽ വഴികൾ കണ്ടെത്താനും നാവിഗേഷൻ, മാപ്പ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കാം. റോഡുകൾ അടക്കൽ, ഗതാഗത നിയന്ത്രണങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ അറിയാൻ, ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടരണം.
ക്യാമ്പിംഗിനും വിനോദപരിപാടികൾക്കുമായി മരുഭൂമി പ്രദേശങ്ങളിലേക്ക് പോകുന്ന വാഹനയാത്രക്കാർ, കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കണം. പ്രധാന റോഡുകളിൽ നിന്നും ഹൈവേകളിൽ നിന്നും അകലെയുള്ള സ്ഥലങ്ങൾ ഇത്തരക്കാർ തിരഞ്ഞെടുക്കണം.
പാർക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കാം
പ്രധാന പാതകളുടെയും എക്സ്പ്രസ് റോഡുകളുടെയും വശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. ഇത് മറ്റ് റോഡ് ഉപയോക്താക്കൾക്ക് അപകടസാധ്യതകൾ സൃഷ്ടിച്ചേക്കാം.
ഓഫ്-റോഡ് മോട്ടോർസൈക്കിൾ യാത്രക്കാർ പ്രധാന റോഡുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഇവർ നിശ്ചയിക്കപ്പെട്ടതും സുരക്ഷിതവുമായ സ്ഥലങ്ങളിൽ മാത്രം തങ്ങളുടെ പ്രവർത്തനങ്ങളിൽ ഏർപ്പെടണം.
കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കാൻ അനുവദിക്കപ്പെട്ട സ്ഥലങ്ങൾ തന്നെ ഉപയോഗിക്കണം.
കാൽനടയാത്രക്കാരുടെ സാന്നിധ്യം കൂടുതലുള്ള തിരക്കേറിയ മേഖലകളിൽ ഡ്രൈവർമാർ പ്രത്യേകം ജാഗ്രത പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.