കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഹമദ് അൽ മഷാൻ ഇറാൻ അംബാസഡർ മുഹമ്മദ് തുതുൻജികൊപ്പം

ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലും ജുഡീഷ്യൽ നടപടികളിലും ഇടപെട്ടെന്ന് ആരോപിച്ച് ഇറാൻ അംബാസഡറെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഇറാൻ എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് നടപടി. ബുധനാഴ്ച കുവൈത്തിലെ ഇറാൻ അംബാസഡർ മുഹമ്മദ് തുതുൻജിയെ വിളിച്ചുവരുത്തിയ കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഹമദ് അൽ മഷാൻ, കുവൈത്തിന്റെ ഔദ്യോഗിക പ്രതിഷേധക്കുറിപ്പ് കൈമാറി.

ഇറാൻ എംബസി പ്രസ്താവന കുവൈത്തിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള നഗ്നമായ ഇടപെടലാണെന്നും, രാജ്യത്തിന്റെ പരമാധികാരത്തെ ലംഘിക്കുന്നതും, നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്നതുമാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും വ്യക്തമായ ലംഘനമാണിതെന്നും മന്ത്രാലയം വിശേഷിപ്പിച്ചു. തങ്ങളുടെ ദേശീയ കോടതികൾ പുറപ്പെടുവിക്കുന്ന വിധിന്യായങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകൾ ഉണ്ടാകുന്നതിനെ കുവൈത്ത് ശക്തമായി തള്ളിക്കളയുകയും അപലപിക്കുകയും ചെയ്യുന്നുവെന്ന് വിദേശകാര്യ ഉപമന്ത്രി ആവർത്തിച്ചു വ്യക്തമാക്കി.

അന്താരാഷ്ട്ര നിയമങ്ങളും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറും - പ്രത്യേകിച്ച് അയൽരാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തുക, മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുക എന്നീ തത്വങ്ങളും നയതന്ത്ര ബന്ധങ്ങളെക്കുറിച്ചുള്ള 1961-ലെ വിയന്ന കൺവെൻഷനും പാലിക്കണമെന്നും അദ്ദേഹം ഇറാനോട് ആവശ്യപ്പെട്ടു.

Tags:    
News Summary - Kuwait Foreign Ministry Slams Iran Embassy Comments as Sovereignty Violation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.