ഈജിപ്തിലെത്തിയ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹിനെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: തിങ്കളാഴ്ച ഈജിപ്തിലെ ശറമുശൈഖിൽ നടന്ന അന്താരാഷ്ട്ര ഗസ്സ സമാധാന ഉച്ചകോടിയിൽ കുവൈത്ത് പ്രതിനിധിയായി പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് പങ്കെടുത്തു. ഈജിപ്ത് സിവിൽ ഏവിയേഷൻ മന്ത്രി ഡോ.സമിഹ് അഹമ്മദ് അൽ ഹെഫ്നി, ഈജിപ്തിലെ കുവൈത്ത് അംബാസഡർ ഗാനേം അൽ ഘാനം, എംബസി അംഗങ്ങൾ എന്നിവർ പ്രധാനമന്ത്രിയെയും പ്രതിനിധി സംഘത്തേയും സ്വീകരിച്ചു.
ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള സമാധാന കരാർ നടപ്പിലാക്കുന്നതിൽ ഉച്ചകോടിയുടെ പ്രാധാന്യം പ്രധാനമന്ത്രി വ്യക്തമാക്കി. സമാധാന ഉടമ്പടിയിലേക്ക് നയിച്ച നീക്കത്തിൽ വിവിധ രാഷ്ട്രങ്ങൾ നടത്തിയ അക്ഷീണ ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. നീതിയുക്തവും സമഗ്രവുമായ സമാധാനത്തിലേക്ക് നയിക്കുന്ന ഒരു രാഷ്ട്രീയ പ്രക്രിയക്ക് ഉച്ചകോടി വഴിയൊരുക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നത് ഉൾപ്പെടെ ഫലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശങ്ങളെ പിന്തുണക്കുന്നതിൽ കുവൈത്തിന്റെ തത്വാധിഷ്ഠിതവും ഉറച്ചതുമായ നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചു. നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിന് സംഭാഷണം, പരസ്പര ബഹുമാനം എന്നിവ ആവശ്യമാണെന്നും ഉച്ചകോടിക്ക് മുമ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.