വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ
അസ്സബാഹ് ഹംഗേറിയൻ വിദേശകാര്യ-വ്യാപാര മന്ത്രി പീറ്റർ
സിജാർട്ടോക്കൊപ്പം
കുവൈത്ത് സിറ്റി: കുവൈത്ത് പൗരന്മാരെ ഷെങ്കൻ വിസ പരിധിയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ഹംഗേറിയൻ വിദേശകാര്യ-വ്യാപാര മന്ത്രി പീറ്റർ സിജാർട്ടോയുമായി ചർച്ച നടത്തി. കുവൈത്തിന് വിഷയത്തിൽ ഹംഗറി പിന്തുണ പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെ കൂടുതൽ വികസനങ്ങളിലേക്ക് നയിക്കുന്നത് ഇരുവരും ചർച്ച ചെയ്തു.
വിവിധ പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ചർച്ചയിൽ വന്നു. യുക്രെയ്ൻ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാകുമെന്നും റഷ്യയും യുക്രെയ്നും ചർച്ചാമേശയിൽ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും ഇരുവരും ആത്മവിശ്വാസം പ്രകടിപ്പിച്ചു. സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിൽ കുവൈത്തിന്റെ ഉറച്ച വിശ്വാസം ശൈഖ് സലിം ആവർത്തിച്ചു. അന്താരാഷ്ട്ര തീവ്രവാദവിരുദ്ധ സഖ്യത്തിന്റെ പ്രധാന സഖ്യകക്ഷിയാണ് കുവൈത്ത്. തീവ്രവാദത്തെ ചെറുക്കുന്നതിൽ സംസ്ഥാനത്തിന്റെ ക്രിയാത്മക പങ്കും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട വിവിധ ധാരണപത്രങ്ങളിലും ഇരുവരും ഒപ്പുവെച്ചു. ഹംഗറി പാർലമെന്റ് സ്പീക്കറുമായും ശൈഖ് സലീം ചർച്ച നടത്തി.
ചൊവ്വാഴ്ച ഹംഗറി തലസ്ഥാനമായ ബുഡപെസ്റ്റിൽ ഹംഗേറിയൻ വിദേശകാര്യ മന്ത്രി പീറ്റർ സിജാർട്ടോയുമായി നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിൽ ശൈഖ് സലിം, കുവൈത്ത് വിഷയത്തിൽ ഹംഗറി നൽകിയ പിന്തുണക്ക് നന്ദി അറിയിച്ചു. യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായാണ് വിദേശകാര്യ മന്ത്രി ശൈഖ് സലിം ഹംഗറിയിലെത്തിയത്. ജൂൺ 26ന് ഫ്രാൻസിലെത്തിയ മന്ത്രി ഇറ്റലി, ഓസ്ട്രിയ എന്നിവിടങ്ങൾ സന്ദർശിച്ചാണ് ഹംഗറിയിലെത്തിയത്. സന്ദർശക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ, ഉന്നത നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ചകൾ, സുപ്രധാന വിഷയങ്ങളിലെ ചർച്ച, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തൽ, വിവിധ വിഷയങ്ങളിൽ ധാരണപത്രങ്ങളിൽ ഒപ്പുവെക്കൽ എന്നിവ സന്ദർശന ഭാഗമായി നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.