സൗദി സൂപ്പർ കപ്പ് മത്സരങ്ങൾ കുവൈത്തിൽ
കുവൈത്ത് സിറ്റി: സൗദി സൂപ്പർ കപ്പ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ കുവൈത്ത് ഒരുങ്ങുന്നു. ഡിസംബർ 19, 20 തീയതികളിൽ സെമിഫൈനൽ മത്സരങ്ങളും ഡിസംബർ 23 ന് ഫൈനൽ മൽസരവുമാണ് കുവൈത്തിൽ നടക്കുക. അൽ നസർ, അൽ അഹ്‌ലി, അൽ ഖാദസിയ, അൽ ഖുലൂദ് എന്നീ നാല് സൗദി ക്ലബ്ബുകളാണ് സൗദി സൂപ്പർ കപ്പിന്റെ 13ാം പതിപ്പ് അന്തിമ മൽസരങ്ങളിൽ ഏറ്റുമുട്ടുന്നത്. ജാബിർ അൽ അഹ്മദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മൽസരങ്ങൾ.
മൽസരത്തിന് മുന്നോടിയായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1 (ടി-1) നവംബറിൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് അറിയിച്ചു.
മൽസരം കാണാൻ സൗദി ആരാധകരുടെ വരവ് സുഗമമാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ശൈഖ് ഫഹദ് പറഞ്ഞു. നുവൈസീബ് അതിർത്തിയിൽ യാത്രക്കാരെ സ്വീകരിക്കുന്നതിനായി 20 ബൂത്തുകളായി ശേഷി വർധിപ്പിക്കും.
മത്സരങ്ങളിൽ പങ്കെടുക്കുന്ന കളിക്കാർക്കും ഉദ്യോഗസ്ഥർക്കും വിമാനത്താവളത്തിലെ ബയോമെട്രിക് വിരലടയാള പരിശോധനയിൽ നിന്ന് ഇളവ് ലഭിക്കും. രാജ്യത്ത് പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനും ഇവർക്ക് പ്രത്യേക തിരിച്ചറിയൽ കാർഡുകൾ നൽകും. പ്രധാന ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിക്കുന്നതിനെ പിന്തുണക്കൽ, പ്രാദേശിക-അന്താരാഷ്ട്ര കായിക രംഗത്ത് കുവൈത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തൽ എന്നിവയുടെ ഭാഗമായാണ് മൽസരങ്ങൾക്ക് കുവൈത്ത് ആതിഥേയത്വം വഹിക്കുന്നത്.
കായിക മേഖലയുടെ വികസനം, കായിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക, ആരാധകരെ ആകർഷിക്കുക, രാജ്യത്തെ കായിക-വിനോദസഞ്ചാര പ്രവർത്തനങ്ങളെ പിന്തുണക്കുക എന്നിവയും ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.