കുവൈത്ത് സിറ്റി: കുടിശ്ശികയായ പ്രവാസി പെൻഷൻ ഉടൻ വിതരണം ചെയ്യണമെന്നും ഭാവിയിൽ പെൻഷൻ വിതരണം മുടങ്ങാതിരിക്കാനുള്ള സ്ഥിരം സംവിധാനം ഉറപ്പാക്കുന്നതിനും കേരള സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഐ.എം.സി.സി കുവൈത്ത് ആവശ്യപ്പെട്ടു. കേരളത്തിന്റെ സാമ്പത്തിക വളർച്ചക്കും സാമൂഹിക പുരോഗതിക്കും പ്രവാസി സമൂഹത്തിന്റെ സംഭാവന നിസ്തുലമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഠിനാധ്വാനം ചെയ്ത് സമ്പാദിക്കുന്ന ലക്ഷക്കണക്കിന് മലയാളികൾ അയക്കുന്ന പണമാണ് അനേകം കുടുംബങ്ങളുടെയും സംസ്ഥാന സമ്പദ്‌വ്യവസ്ഥയുടെയും പ്രധാന ആശ്രയം.
എന്നാൽ, സ്വന്തം വിഹിതത്തിൽ നിന്ന് സംഭാവന നൽകി പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായ നിരവധി പ്രവാസികൾക്ക് മാസങ്ങളായി പെൻഷൻ മുടങ്ങിക്കിടക്കുന്നത് ഖേദകരമാണ്. ക്ഷേമനിധിയിൽ അംഗങ്ങളായ പ്രവാസികൾക്ക് അവരുടെ അർഹമായ ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്തമാണെന്നും ഐ.എം.സി.സി ചൂണ്ടികാട്ടി.
പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രാഷ്ട്രീയ ഭിന്നതകൾക്കതീതമായി എല്ലാ ജനപ്രതിനിധികളും സാമൂഹിക-സാംസ്കാരിക സംഘടനകളും ഒന്നിച്ചു നിൽക്കണമെന്നും പ്രസിഡന്റ് ഹമീദ് മധൂർ, ജനറൽ സെക്രട്ടറി ശരീഫ് താമരശ്ശേരി എന്നിവർ ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.