കുവൈത്ത് സിറ്റി: പെരുന്നാളിനോടനുബന്ധിച്ച് ലഭിച്ച ഒമ്പതു ദിവസത്തെ ഒഴിവ് അവസാനിച്ചു. സർക്കാർ ഓഫിസുകളും മന്ത്രാലയങ്ങളും ഞായറാഴ്ച മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കും.
സ്വകാര്യ കമ്പനികൾ മിക്കതും നേരത്തെ പ്രവർത്തിച്ച് തുടങ്ങിയിരുന്നു. ദീർഘനാൾ സർക്കാർ സംവിധാനങ്ങൾ അവധിയായത് സ്വകാര്യ കമ്പനികളെയും നിരവധി വ്യക്തികളെയും ബാധിച്ചു. വീണ്ടും സജീവമാകുന്നത് ആശ്വാസമാണ്.
മേയ് ഒന്ന് മുതൽ മേയ് അഞ്ച് വരെയായിരുന്നു പെരുന്നാൾ അവധി. ഇത് മുമ്പും ശേഷവും വരുന്ന വാരാന്ത്യ അവധി ദിനങ്ങൾകൂടി ചേർന്നാണ് അടുപ്പിച്ച് ഒമ്പതു ദിവസം ഒഴിവ് ലഭിച്ചത്.
ഒരു മാസത്തിന്റെ ഏകദേശം മൂന്നിലൊന്ന് ദിവസം അടുപ്പിച്ച് അവധി നൽകുന്നത് ഉൽപാദനക്ഷമതയെയും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെയും ബാധിക്കുമെന്ന വിമർശനം ഉയർന്നിരുന്നു. ബാങ്കും സ്റ്റോക്ക് എക്സ്ചേഞ്ചും അടച്ചുപൂട്ടുന്നത് ബുദ്ധിപരമല്ലെന്നും ഉദ്യോഗസ്ഥരെ അലസതയിലേക്ക് തള്ളിവിടരുതെന്നും പ്രമുഖർ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
അതേസമയം, കൂടുതൽ ദിവസം അവധി ലഭിച്ചത് ഉപയോഗപ്പെടുത്തി നിരവധി പ്രവാസികൾ നാട്ടിൽ പോയി. നല്ലൊരു ശതമാനം സ്വദേശികളും വിദേശയാത്രക്കും ആഘോഷത്തിനും ഈ ദിവസങ്ങൾ ഉപയോഗിച്ചു.
മിക്കവരും തിരിച്ചെത്തിയിട്ടുണ്ട്. ഞായറാഴ്ചയും നിരവധി അധിക വിമാന ഷെഡ്യൂളുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.