കുവൈത്ത് സിറ്റി: സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ പ്രവാസികൾക്ക് ഏർപ്പെടുത്തുന്ന മരുന്ന് ഫീസില്‍ മാറ്റം വരുത്തിയേക്കുമെന്ന് സൂചന. മരുന്ന് നിരക്കിൽ മാറ്റം വരുത്തുന്നതടക്കമുള്ള നിർദേശങ്ങൾ അടങ്ങുന്ന റിപ്പോർട്ട് ആരോഗ്യ മന്ത്രാലയം തയാറാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദിക്ക് ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് സമർപ്പിക്കും. പ്രവാസികളിൽനിന്ന് മരുന്നിന് അഞ്ചു ദീനാർ ഫീസ് ഈടാക്കുന്നതിനു പകരം ആശുപത്രികളിലും ക്ലിനിക്കുകളിലും മരുന്നുവിൽപന എന്നതും പ്രധാന നിർദേശമാണ്.
നിലവിൽ ആരോഗ്യകേന്ദ്രങ്ങളിലും ആശുപത്രികളിലും മരുന്നുകളുടെ ഉപഭോഗം ഏറെയാണെന്നും സ്വദേശികളേക്കാൾ കൂടുതൽ മരുന്നുകൾ വാങ്ങുന്നത് പ്രവാസികളാണെന്നും റിപ്പോർട്ടിൽ പറയുന്നു. മരുന്നുവിൽപന, നടപടിക്രമങ്ങൾ എന്നിവ നിരീക്ഷിക്കാൻ മെഡിക്കൽ സ്റ്റോറുകളിലും സർക്കാർ ഫാർമസികളിലും കർശന നിയന്ത്രണം ആവശ്യമാണ്. ഫീസ് അടയ്ക്കുന്നതിൽ കൃത്രിമം കാണിക്കുകയെന്ന ലക്ഷ്യത്തോടെ, പ്രവാസികൾക്ക് ആവശ്യമുള്ളതിനേക്കാൾ ഇരട്ടി മരുന്നുകൾ നൽകുന്ന കേസുകളുണ്ട്. ഫീസ് അടയ്ക്കാതെ എക്സ്റേ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുന്നതു കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യ ജീവനക്കാരുടെ ഒത്താശയോടെയാണ് ഇത്തരം കൃത്രിമങ്ങൾ നടത്തുന്നതെന്നും കുറ്റക്കാര്‍ക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നല്കി.
രാജ്യത്ത് നേരത്തേ പ്രവാസികള്‍ക്ക് മരുന്നുകള്‍ സൗജന്യമായിരുന്നു. എന്നാൽ, കഴിഞ്ഞ ഡിസംബറിൽ പ്രൈമറി ഹെൽത്ത് ക്ലിനിക്കുകളിൽ അഞ്ചു ദീനാർ, ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളിൽ 10 ദീനാർ എന്നിങ്ങനെ മരുന്നുകൾക്ക് പുതിയ നിരക്ക് നിശ്ചയിച്ചു. ഇതോടെ പ്രൈമറി ഹെൽത്ത് ക്ലിനിക്കുകളിൽ പ്രവാസികൾക്ക് പരിശോധനക്കും മരുന്നിനുമായി ഏഴു ദീനാർ ചെലവഴിക്കണം. ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളിൽ 20 ദീനാറും ചെലവുവരും. ആതുരസേവന രംഗം മെച്ചപ്പെടുത്തുന്നതിനും മരുന്നുകള്‍ ഉപയോഗശൂന്യമായി പോകുന്നത് തടയാനുമാണ് ചികിത്സനിരക്ക് ഏര്‍പ്പെടുത്തിയത് എന്നാണ് അധികൃതർ കാരണമായി പറഞ്ഞിരുന്നത്. നിരക്കിൽ മാറ്റംവരുത്തില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
അതേസമയം, മെഡിസിൻ ഫീസിൽ ഇളവ് വരുന്നത് പ്രവാസികൾക്ക് ആശ്വാസമാകും. മരുന്നിന് ഫീസ് നടപ്പാക്കിയതോടെ സര്‍ക്കാര്‍ ക്ലിനിക്കുകളിൽ പോകാൻ പ്രവാസികൾക്ക് താൽപര്യം കുറഞ്ഞിരുന്നു. ആശുപത്രികളിലെത്തുന്ന പ്രവാസികളുടെ എണ്ണത്തിൽ 20 മുതൽ 25 ശതമാനം വരെ കുറവുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.