സംഘർഷങ്ങൾ ലഘൂകരിക്കാൻ കൂട്ടായ പരിശ്രമങ്ങൾ അനിവാര്യം; കിരീടാവകാശി യു.എൻ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി
കുവൈത്ത് സിറ്റി: സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ കൂട്ടായ പരിശ്രമങ്ങൾ അനിവാര്യമാണെന്ന് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്.
തുടർച്ചയായി ഉണ്ടാകുന്ന പ്രതിസന്ധികളെ നേരിടാൻ ഐക്യരാഷ്ട്രസഭയുടെ പങ്ക് സജീവമാക്കേണ്ടതും അതിന്റെ പ്രവർത്തന സംവിധാനങ്ങൾ മെച്ചപ്പെടുത്തേണ്ടതും അനിവാര്യമാണെന്നും കിരീടാവകാശി സൂചിപ്പിച്ചു. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി ന്യൂയോർക്കിൽ നടന്ന കൂടികാഴ്ചയിലാണ് കിരീടാവകാശിയുടെ പരാമർശം. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ ആശംസകൾ കിരീടാവകാശി അന്റോണിയോ ഗുട്ടെറസിന് കൈമാറി.
അന്താരാഷ്ട്ര സംഘടനകളെ പിന്തുണക്കുന്നതിൽ കുവൈത്ത് വഹിക്കുന്ന ചരിത്രപരവും മുൻനിരയിലുള്ളതുമായ പങ്കിനെയും, സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനുമുള്ള നയതന്ത്ര ശ്രമങ്ങളെയും, ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ കഷ്ടപ്പാടുകൾ അവസാനിപ്പിക്കാനുള്ള മാനുഷിക പ്രവർത്തനങ്ങൾക്കുള്ള നിരന്തര പിന്തുണയെയും ഗുട്ടെറസ് പ്രശംസിച്ചു. അന്താരാഷ്ട്ര-പ്രാദേശിക തലങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും സാഹചര്യങ്ങളും, മേഖലയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളും ഇരുവരും അവലോകനം ചെയ്തു.
വർധിച്ചുവരുന്ന ആഗോള വെല്ലുവിളികളെ നേരിടുന്നതിനായി സംയുക്ത സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ആശയങ്ങൾ പങ്കുവെച്ചു. വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്, കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ അതോറിറ്റി ഡയറക്ടർ ജനറൽ ശൈഖ് ഡോ. മിശ്അൽ ജാബിർ അൽ അഹ്മദ് അസ്സബാഹ്, അംബാസഡർ മൻസൂർ അൽ ഉതൈബി, അന്താരാഷ്ട്ര സംഘടനകളുടെ കാര്യങ്ങൾക്കായുള്ള അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അംബാസഡർ സാദിഖ് മറാഫി, ഐക്യരാഷ്ട്രസഭയിലെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി അംബാസഡർ താരീഖ് അൽ ബനായി, വിദേശകാര്യ മന്ത്രിയുടെ ഓഫീസിനായുള്ള അസിസ്റ്റന്റ് വിദേശകാര്യ മന്ത്രിയും മിനിസ്റ്റർ പ്ലെനിപൊട്ടൻഷ്യറിയുമായ അബ്ദുള്ള അൽ ഉബൈദി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.