കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ ഗൂഗ്ൾ ക്ലൗഡ് സേവനങ്ങൾക്കായി കുവൈത്തിൽ ഡേറ്റ സെൻറർ ആരംഭിക്കുന്നു. ഇതുസംബന്ധിച്ച് കുവൈത്ത് വാർത്ത വിനിമയ മന്ത്രാലയവും ഗൂഗ്ൾ പ്രതിനിധികളും ചർച്ച നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒൗദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും. ഗൂഗ്ൾ മാനേജ്മെൻറ് ടൂളുകൾ, ഡേറ്റ സംഭരണം, കമ്പ്യൂട്ടിങ്, ഡേറ്റ അനലിറ്റിക്സ്, മെഷിൻ ലേണിങ് തുടങ്ങി നിരവധി മോഡുലാർ ക്ലൗഡ് സേവനങ്ങളാണ് ഗൂഗ്ൾ നൽകുന്നത്. ഗൂഗ്ൾ ക്ലൗഡ് ബ്രാൻഡിന് കീഴിൽ 90ലധികം ഉൽപന്നങ്ങളുണ്ട്. മേഖലയിലെ കമ്പ്യൂട്ടർ ഹബ്ബായി മാറുന്നതോടെ കുവൈത്തിന് നിരവധി നേട്ടങ്ങളുണ്ട്. അതിവേഗം ഡിജിറ്റൽവത്കരണ പദ്ധതികൾ നടപ്പാക്കുന്ന കുവൈത്തിലെ വിവര വിനിമയ മേഖലയുടെ വികസനത്തിന് വേഗം കൈവരാൻ സഹായിക്കുന്നതാണ് ഡേറ്റ സെൻറർ.
ഡേറ്റ സെൻറർ ആരംഭിക്കുന്നത് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കും. പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ ക്ലൗഡ് സേവനങ്ങൾക്കായി ആശ്രയിച്ചിരുന്നത് അയർലൻഡിലെ ഡേറ്റ സെൻററായിരുന്നു. ഏറ്റവും ആധുനികമായ ഡേറ്റ സെൻററാണ് ഗൂഗ്ൾ കുവൈത്തിൽ തയാറാക്കാൻ ഒരുങ്ങുന്നത്.
കൂടുതൽ ഭാഗങ്ങളിൽ ഡേറ്റ സെൻറർ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതായി നേരത്തെ ഗൂഗ്ൾ അറിയിച്ചിരുന്നു. രാഷ്ട്രീയ സ്ഥിരതയും സുരക്ഷിത അന്തരീക്ഷവും അന്തർദേശീയ സംവിധാനങ്ങളുമായി ചേർന്നുനിന്നുള്ള കുവൈത്തിെൻറ പ്രവർത്തന പാരമ്പര്യവുമാണ് ഡേറ്റ സെൻററിനായി ഇൗ കൊച്ചുരാജ്യത്തെ പരിഗണിക്കാൻ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.