കെ.ഐ.ജി പൊതുസമ്മേളനത്തിൽ സണ്ണി എം. കപിക്കാട് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ അവകാശികൾ തങ്ങൾ മാത്രമാണെന്ന സവർണ വംശീയ അജണ്ടയാണ് ഇന്ത്യയിൽ സംഘ്പരിവാർ ശക്തികൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് പ്രമുഖ ചിന്തകനും ആക്ടിവിസ്റ്റുമായ സണ്ണി എം. കപിക്കാട്. ‘പ്രവാചകൻ വിശ്വ വിമോചകൻ’ എന്ന തലക്കെട്ടിൽ കെ.ഐ.ജി കുവൈത്ത് നടത്തിവന്ന കാമ്പയിനിൻ സമാപന പൊതുസമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പിന്നാക്ക ദലിത് ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കിടയിൽ ഐക്യവും സഹകരണവും വളർത്തിയെടുത്ത് പൊതുലക്ഷ്യം മുന്നിൽ കണ്ട് മുന്നോട്ടുപോയാൽ മാത്രമേ രാജ്യത്തെ വീണ്ടെക്കാൻ കഴിയൂ. ഫാഷിസത്തോട് ഒരു കാലത്തും സന്ധി ചെയ്തിട്ടില്ലാത്ത ബി.ആർ. അംബേദ്കറെ പോലും തങ്ങളുടേതാക്കി മാറ്റാനുള്ള സവർണ വർഗ ആഖ്യാനങ്ങളെയും നിഗൂഢ ശ്രമങ്ങളെയും തിരിച്ചറിഞ്ഞു തോൽപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളന സദസ്സ്
മനുഷ്യരുടെ അടിമത്തത്തിൽ നിന്നും ദൈവത്തിന്റെ അടിമത്തത്തിലേക്ക് മനുഷ്യനെ വിമോചിപ്പിച്ച മഹാനായ നേതാവായിരുന്നു പ്രവാചകൻ മുഹമ്മദ് എന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ടി. മുഹമ്മദ് വേളം പറഞ്ഞു.
നീതിക്കുവേണ്ടി നിലകൊള്ളാനും പോരാടാനുമുള്ള നിരവധി പാഠങ്ങൾ പ്രവാചക ജീവിതത്തിൽ കാണാം. മനുഷ്യസമത്വം ഉദ്ഘോഷിക്കുക മാത്രമല്ല അത് പ്രായോഗതലത്തിൽ കാണിച്ചു കൊടുക്കുകയും ചെയ്തു പ്രവാചകനെന്നും അദ്ദേഹം പറഞ്ഞു.
അബ്ബാസിയ ആസ്പെയർ ഇന്റർനാഷനൽ സ്കൂളിൽ നടന്ന സമ്മേളനത്തിൽ കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതവും കാമ്പയിൻ ജനറൽ കൺവീനർ സക്കീർ ഹുസൈൻ തുവ്വൂർ നന്ദിയും പറഞ്ഞു. കാമ്പയിനിന്റെ ഭാഗമായി നടന്ന ക്വിസ് ബൊണാൻസയിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ഗിരീഷ് മിഖായേൽ, രാധിക, വിനയ് വേണുഗോപാൽ, സമീറ, മെഹ്ബൂബ, ഹുസ്ന എന്നിവർ ഒന്നും രണ്ടും ഘട്ടങ്ങളിൽ വിജയികളായി. ക്വിസ് മത്സരത്തിന് അൻവർ സഈദ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.