കുവൈത്ത് സിറ്റി: സംശയാസ്പദമായതോ സ്ഥിരീകരിക്കാത്തതോ ആയ അക്കൗണ്ടുകളിൽനിന്നും സമൂഹ മാധ്യമ പേജുകൾ വഴിയും ഇടപാടുകൾ നടത്തരുതെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത് നാഷനൽ ബാങ്ക് (എൻ.ബി.കെ). വ്യക്തമല്ലാത്ത അക്കൗണ്ടുകളിൽനിന്ന് എയർലൈൻ ടിക്കറ്റുകൾ വാങ്ങരുതെന്നും ഓർമിപ്പിച്ചു. അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഇത്തരം പരസ്യങ്ങൾ വ്യാപകമായതിനെത്തുടർന്നാണ് മുന്നറിയിപ്പ്.
പ്രലോഭനകരമായ ഓഫറുകളിലും വ്യാജ പരസ്യങ്ങളിലും വീഴരുത്. വ്യാജ എയർലൈൻ ബുക്കിങ്ങുകൾക്കായുള്ള സമൂഹമാധ്യമ പരസ്യങ്ങളിലൂടെ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളും പണവും തട്ടിപ്പുകാർ കൈക്കലാക്കുന്നു. പണം നൽകുന്നതിന് മുമ്പ് റിസർവേഷൻ പ്രക്രിയ കൈകാര്യം ചെയ്യുന്ന കമ്പനി, വെബ്സൈറ്റ്, ഏജന്റ് എന്നിവയുടെ വിശ്വാസ്യത ഉറപ്പാക്കണം. ഇതുവഴി തട്ടിപ്പ് ഒഴിവാക്കാമെന്നും ഉണർത്തി. ഡിജിറ്റൽ തട്ടിപ്പ് ഒഴിവാക്കാൻ ഉപഭോക്താക്കൾ പൊതുവായ നിർദേശങ്ങളും മാർഗനിർദേശങ്ങളും പാലിക്കണം. ബാങ്ക് കാർഡ് പിൻ നമ്പറുകൾ ഇടക്കിടെ മാറ്റണം. മറ്റുള്ളവരുമായി ഇവ പങ്കിടരുത്. ബാങ്കിൽനിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന തട്ടിപ്പുകാരെ തിരിച്ചറിയണമെന്നും ചൂണ്ടിക്കാട്ടി.
തട്ടിപ്പുകൾ തടയുന്നതിനായി ഉപഭോക്താക്കളിൽ ബാങ്കിങ്, സാമ്പത്തിക സാക്ഷരത വർധിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ‘നമുക്ക് ജാഗ്രത പാലിക്കാം’ എന്ന പേരിലുള്ള കാമ്പയിൻ എൻ.ബി.കെ തുടരുന്നു.
വഞ്ചന ഒഴിവാക്കുന്നതിനുള്ള നടപടികൾ, ബാങ്കിങ് സേവനങ്ങളിൽനിന്ന് പ്രയോജനം നേടാനുള്ള മാർഗങ്ങൾ എന്നിവയുൾപ്പെടെയുള്ള അവബോധ പരിപാടികളും നടത്തിവരുന്നു. ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അവബോധം വളർത്തുന്നതിന് മറ്റു പ്രവർത്തനങ്ങളും പതിവായി സംഘടിപ്പിക്കുന്നു. വഞ്ചനയും സാമ്പത്തിക കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള വിവിധ പ്രവർത്തനങ്ങളും പരിശീലന കോഴ്സുകളും ഇതിന്റെ ഭാഗമാണെന്നും എൻ.ബി.കെ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.