കുവൈത്ത് സിറ്റി: വടക്കൻ ഗസ്സയിൽ മാനുഷിക സഹായവും ഭക്ഷണവും എത്തുന്നതിനായി കാത്തിരുന്ന ഫലസ്തീൻ സിവിലിയന്മാർക്ക് നേരെയുള്ള ഇസ്രായേൽ സേനയുടെ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. ഫലസ്തീന് ഉറച്ച പിന്തുണ വ്യക്തമാക്കിയ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അടിയന്തര വെടിനിർത്തലിനുള്ള ആഹ്വാനം ആവർത്തിച്ചു. ഗസ്സയിലേക്ക് മാനുഷിക, ദുരിതാശ്വാസ സഹായങ്ങൾക്ക് തടസ്സമില്ലാത്ത പ്രവേശനം സാധ്യമാക്കണം. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഇസ്രായേലി അധിനിവേശ സേനയുടെ ആക്രമണം ഉടനടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ഫലസ്തീൻ ജനതക്കും ഫലസ്തീൻ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന മാനുഷിക, ദുരിതാശ്വാസ ഏജൻസികൾക്കും തൊഴിലാളികൾക്കും സംരക്ഷണം നൽകണമെന്ന് കുവൈത്ത് വിദേശ കാര്യമന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോടും യു.എൻ രക്ഷ സമിതിയോടും അഭ്യർഥിച്ചു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും യു.എൻ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനങ്ങൾക്ക് ഇസ്രായേലിനെതിരെ നടപടികൾ പ്രയോഗിക്കാനുള്ള ആഹ്വാനവും കുവൈത്ത് ആവർത്തിച്ചു. കഴിഞ്ഞ ദിവസം ഗസ്സയിൽ ഭക്ഷണ വിതരണത്തിനായി കാത്തുനിന്നവർക്കുനേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ 104 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 760ലേറെ പേർക്ക് പരിക്കേൽക്കുകയുമുണ്ടായി.
കുവൈത്ത് സിറ്റി: ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു. ഫലസ്തീൻ ആവശ്യത്തെ പിന്തുണക്കുന്നതിൽ കുവൈത്തിന്റെ പ്രതിബദ്ധതയും ആവർത്തിച്ച ഐക്യരാഷ്ട്ര സഭയിലെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി അംബാസഡർ നാസർ അൽഹെയ്ൻ ഇസ്രായേൽ തുടരുന്ന വംശഹത്യയെയും യുദ്ധ കുറ്റങ്ങളെയും അപലപിച്ചു. ക്രൂരമായ ഇസ്രായേൽ ആക്രമണത്തിൽ ഇതിനകം 30,000ത്തിലധികം പേർ കൊല്ലപ്പെടുകയും 70,000 പേർക്ക് പരിക്കേൽക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നും നാസർ അൽഹെയ്ൻ യു.എൻ മനുഷ്യാവകാശ കൗൺസിലിനെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കി.
യു.എൻ മനുഷ്യാവകാശ കൗൺസിലിൽ നാസർ അൽഹെയ്ൻ സംസാരിക്കുന്നു
ഇസ്രായേൽ ക്രിമിനൽ നടപടികളെക്കുറിച്ച് വിശദീകരിച്ച നാസർ അൽഹെയ്ൻ, 75 വർഷമായി നിരപരാധികളായ ഫലസ്തീനികൾക്കെതിരായ ക്രൂരത തടയുന്നതിൽ കുവൈത്തിന്റെ പങ്കിനെ അടിവരയിട്ടു. ഗസ്സയിലെ വംശഹത്യയും മനുഷ്യാവകാശങ്ങളും ചോദ്യം ചെയ്യുന്നതിലെ ഇരട്ടത്താപ്പിനെയും അൽ ഹെയ്ൻ അപലപിച്ചു. ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസിക്കുള്ള (യു.എൻ.ആർ.ഡബ്ല്യു.എ) ധനസഹായം നിർത്തലാക്കിയത് 5.7 ദശലക്ഷം ഫലസ്തീൻ അഭയാർഥികളുടെ മാനുഷിക സ്ഥിതി കൂടുതൽ വഷളാക്കിയതായി അൽ ഹെയ്ൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.