കുവൈത്ത് സിറ്റി: കുവൈത്ത്, ബഹ്‌റൈൻ, ജോർഡൻ എന്നിവ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങളെ അറബ് പാർലമെന്റ് സ്പീക്കർ മുഹമ്മദ് അൽ യമാഹി അപലപിച്ചു. നല്ല അയൽപക്കത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും തത്വങ്ങളുടെയും നഗ്നമായ ലംഘനമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
അറബ് രാജ്യങ്ങളുടെ പരമാധികാരത്തിനും ദേശീയ സുരക്ഷക്കും നേരെയുള്ള കടന്നുകയറ്റമാണ് ഇതെന്നും പ്രാദേശിക സ്ഥിരതക്ക് ഭീഷണിയാണെന്നും അൽ യമാഹി പ്രസ്താവനയിൽ പറഞ്ഞു. അറബ് പാർലമെന്റിന്റെ പൂർണ ഐക്യദാർഢ്യവും അറിയിച്ചു. സുരക്ഷ, പരമാധികാരം, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിന് ഈ രാജ്യങ്ങൾ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയും ആവർത്തിച്ചു. അറബ് ദേശീയ സുരക്ഷ അവിഭാജ്യമാണെന്നും ഒരു അറബ് രാജ്യത്തിന്റെ സുരക്ഷക്ക് നേരെയുള്ള ഏതൊരു ഭീഷണിയും കൂട്ടായ അറബ് സുരക്ഷക്ക് ഭീഷണിയാണെന്നും അൽ യമാഹി പറഞ്ഞു. ആക്രമണങ്ങൾ സംഘർഷങ്ങൾക്ക് ആക്കം കൂട്ടുകയും മേഖലയിലെ സുരക്ഷയും സ്ഥിരതയും നിലനിർത്താനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യും.
ആക്രമണങ്ങൾ തടയുന്നതിൽ അന്താരാഷ്ട്ര സമൂഹവും യു.എൻ സുരക്ഷാ കൗൺസിലും ഉത്തരവാദിത്തങ്ങൾ നിർവഹിക്കണമെന്നും ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.