കുവൈത്ത് വിമാനത്താവളത്തിൽ വീണ്ടും പ്രതിസന്ധി; കടുത്ത യാത്ര ദുരിതം നേരിട്ട് പ്രവാസികൾ

 

കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളം ടെർമിനൽ-1 ൽ നിന്നുള്ള വിമാന സർവിസുകൾ വീണ്ടും നിലച്ചതോടെ കടുത്ത യാത്ര ദുരിതം നേരിട്ട് പ്രവാസികൾ.

ടെർമിനൽ-1 ൽ നിന്നാണ് വിദേശ വിമാനകമ്പനികൾ സർവിസ് നടത്തുന്നത് എന്നതിനാൽ ഇവ നിലച്ചത് വലിയ പ്രതിസന്ധിയാണ് യാത്രക്കാർക്ക് സൃഷ്ടിച്ചത്.

ടെർമിനൽ നാല്, അഞ്ച് എന്നിവിടങ്ങളിൽ നിന്ന് ജസീറ, കുവൈത്ത് എയർവേസ് എന്നിവ സർവീസ് നടത്തുന്നുണ്ടെങ്കിലും ഉയർന്ന ടിക്കറ്റ് നിരക്കും, എല്ലാ വിമാനത്താവളങ്ങളിലേക്കും ഇവയുടെ സർവീസുകൾ ഇല്ലാത്തതും മലയാളികൾ അടക്കമുള്ള യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നു.

കുവൈത്തിൽ സ്കൂൾ വാർഷിക അവധി ആരംഭിക്കുന്നതോടെ നിരവധി കുടുംബങ്ങൾ നാട്ടിലേക്ക് തിരിക്കാൻ തയാറെടുത്തുവരികയാണ്. ഉയർന്ന വിമാന ടിക്കറ്റ് നിരക്ക് ഇവരുടെ യാത്രാ ചെലവ് വർധിപ്പിക്കുന്നു. എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള വിമാനങ്ങളിൽ മുൻകൂട്ടി ടിക്കറ്റ് എടുത്തവരും ഉണ്ട്. വിമാനങ്ങൾ റദ്ദാക്കിയതോടെ ഇവരും പ്രയാസത്തിലായി.

അറ്റകുറ്റപണികൾപൂർത്തിയാക്കി ടെർമിനൽ-1 വീണ്ടും തുറക്കാൻ ദിവസങ്ങൾ എടുക്കും എന്നതിനാൽ മറ്റു വിമാനങ്ങൾ രാജ്യത്ത് എത്തുന്നത് വൈകുമെന്നാണ് സൂചന. ഇതിനാൽ സൗദി അറേബ്യയിലെ റിയാദ്, ദമ്മാം വിമാനത്താവളങ്ങൾ ഉപയോഗിക്കാൻ സൗദി ട്രാൻസിറ്റ് വിസ സൗകര്യങ്ങൾ ലഭ്യമാക്കാൻ ഇന്ത്യൻ എംബസി ഇടപെടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ -4, ടെർമിനൽ -5 എന്നിവ വഴി ഇന്ത്യൻ എയർലൈൻ കമ്പനികൾക്ക് പ്രവർത്തന അനുമതി ലഭ്യമാക്കാൻ എംബസി ഇടപെടണമെന്നും ആവശ്യം ഉണ്ട്. വിമാനങ്ങൾ നിലച്ചതോടെ കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാരാണ് വലിയ പ്രയാസം നേരിടുന്നത്.

ഫെബ്രുവരി 28ന് യു.എസ്,ഇസ്രായേൽ, ഇറാൻ സംഘർഷം ആരംഭിച്ചതിന് പിറകെ അടച്ചിട്ട വിമാനത്താവളം ടെർമിനൽ ഒന്നിലെ അറ്റകുറ്റപണികൾ പൂർണമായും പൂർത്തിയാക്കി ജൂൺ ഒന്നിന് വീണ്ടും തുറന്നിരുന്നു. എന്നാൽ ജൂൺ മൂന്നിണ്ടായ ഇറാൻ ആക്രമണത്തിൽ ഇവിടെ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു. ഇതോടെ ടെർമിനൽ-1 വീണ്ടും അടക്കുകയായിരുന്നു.

Tags:    
News Summary - Crisis at Kuwait airport again; expatriates face severe travel difficulties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-06-11 04:21 GMT