അറബ് ലീഗ് ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിൽ യോഗത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: അറബ് ഫ്രീ ട്രേഡ് സോൺ സൃഷ്ടിക്കുന്നതിനുള്ള അന്തിമ നടപടികൾ ചർച്ച ചെയ്യുന്നതിനായി അറബ് ലീഗിന്റെ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിന്റെ 56ാമത് യോഗം കുവൈത്തിന്റെ അധ്യക്ഷതയിൽ ആരംഭിച്ചു. ട്രേഡ് സോൺ വികസനങ്ങൾ ചർച്ച ചെയ്യുന്നതിനായി കമ്മിറ്റി പതിവായി യോഗങ്ങൾ നടത്തിവരുകയാണെന്ന് ധനമന്ത്രാലയത്തിന്റെ സാമ്പത്തിക കാര്യ ആക്ടിങ് അണ്ടർ സെക്രട്ടറി തലാൽ അൽ നെമാഷ് പറഞ്ഞു.
യോഗത്തിന്റെ അജണ്ടയിൽ എട്ട് പ്രധാന ഇനങ്ങളാണ് ഉൾപ്പെടുന്നത്. അതിൽ പ്രധാനപ്പെട്ടത് തുടർനടപടികളാണ്. ഉച്ചകോടികളുടെ തീരുമാനങ്ങളും സോണുമായി ബന്ധപ്പെട്ട സാമ്പത്തിക സാമൂഹിക കൗൺസിൽ പ്രമേയങ്ങൾ നടപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ ചർച്ച ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
അറബ് വ്യാപാരം നേരിടുന്ന തടസ്സങ്ങൾ പരിഹരിക്കുന്നതിന് ആശയവിനിമയം സുഗമമാക്കുന്നതിന് ഒരു പ്ലാറ്റ്ഫോം സ്ഥാപിക്കാനുള്ള സൗദി അറേബ്യയുടെ നിർദേശവും യോഗം ചർച്ച ചെയ്യുന്നു. ഗ്രേറ്റർ അറബ് ഫ്രീ ട്രേഡ് സോണിനെ അറബ് വ്യാപാര സംവിധാനത്തിന്റെ ആധുനിക ഘടകമായി കണക്കാക്കാമെന്നും അൽ നെമാഷ് സൂചിപ്പിച്ചു. കൈറോയിൽ നടന്ന യോഗത്തിൽ അറബ് രാജ്യങ്ങളിലെ ധനകാര്യ-വ്യാപാര മന്ത്രാലയങ്ങളുടെ പ്രതിനിധികൾ, അറബ് ലീഗിന്റെ സാമ്പത്തിക ഏകീകരണ വകുപ്പ് ഡയറക്ടർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.