കുവൈത്ത് സിറ്റി: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശ സേനയുടെ ലംഘനങ്ങൾ മൂലമുണ്ടായ പ്രത്യാഘാതങ്ങളെ കുറിച്ച് കുവൈത്ത് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ഐ.സി.ജെ) വാക്കാലുള്ള അപ്പീൽ സമർപ്പിച്ചു.
നീതിയുക്തവും സമഗ്രവുമായ സമാധാനം കൈവരിക്കുകയെന്ന കാഴ്ചപ്പാടോടെ സമാധാന ചർച്ചകൾ പുനരാരംഭിക്കേണ്ടതിന്റെ പ്രാധാന്യം കുവൈത്ത് എല്ലായ്പോഴും മുന്നോട്ടുവെക്കുന്നതായി ഐ.സി.ജെക്ക് മുമ്പാകെ നടത്തിയ പ്രസംഗത്തിൽ യു.എന്നിലെ കുവൈത്തിന്റെ സ്ഥിരംപ്രതിനിധി അംബാസഡർ താരിഖ് അൽബനായി പറഞ്ഞു. ഐ.സി.ജെക്ക് ഇക്കാര്യത്തിൽ പ്രധാന പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേൽ അധിനിവേശത്തിന്റെ നിയമവിരുദ്ധതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
പതിറ്റാണ്ടുകളുടെ അനീതി അവസാനിപ്പിക്കാനും ഫലസ്തീൻ പ്രദേശങ്ങളിലെ സയണിസ്റ്റ് അധിനിവേശം നിയമവിരുദ്ധമായി പ്രഖ്യാപിക്കാനും കുവൈത്ത് അംബാസഡർ അലി അഹ്മദ് ഇബ്രാഹീം അൽ ദാഫിരി ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് ഇരയെ കൊലയാളിയായി ചിത്രീകരിക്കുന്നത്? ദാഫിരി ചോദിച്ചു.
ഇസ്രായേൽ നിരവധി അന്താരാഷ്ട്ര നിയമലംഘനങ്ങളാൽ ഗസ്സയിൽ ഫലസ്തീനികൾക്കെതിരെ നിയമവിരുദ്ധമായ യുദ്ധം നടത്തി. 57 വർഷത്തെ നിയമവിരുദ്ധ അധിനിവേശത്തിന്റെ ഫലമാണ് ഇപ്പോഴും തുടരുന്ന യുദ്ധം. ഇത് ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അന്താരാഷ്ട്ര നിയമലംഘനങ്ങളെ കുറിച്ച് കുവൈത്ത് പ്രതിനിധി തഹാനി അൽ നാസറും വിശദീകരിച്ചു. ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ആക്രമണവും സംബന്ധിച്ച് 52 രാജ്യങ്ങളിൽനിന്ന് വാദമുഖങ്ങൾ കേൾക്കുന്നതിന്റെ ഭാഗമായാണ് കുവൈത്ത് ഐ.സി.ജെക്ക് മുമ്പാകെ അഭിപ്രായം പങ്കുവെച്ചത്.
52 രാജ്യങ്ങൾക്കുപുറമെ അറബ് ലീഗ്, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ (ഒ.ഐ.സി), ആഫ്രിക്കൻ യൂനിയൻ എന്നീ സംഘടനകളും തങ്ങളുടെ വാദങ്ങൾ ഉന്നയിക്കും. ഫലസ്തീൻ ജനതയുടെ അവകാശങ്ങളെ പിന്തുണക്കുന്നതിനുള്ള ആഗോള ശ്രമങ്ങളുടെ ഭാഗമായി കുവൈത്ത് നേരത്തേ ഐ.സി.ജെക്ക് രേഖാമൂലമുള്ള അപേക്ഷ സമർപ്പിച്ചിരുന്നു.
ഫലസ്തീൻ വിഷയത്തിൽ എന്നും ശക്തമായ നിലപാട് തുടരുന്ന രാഷ്ട്രമാണ് കുവൈത്ത്. നേരത്തേയുള്ള അതിർത്തികളോടെ ഫലസ്തീൻ സ്വതന്ത്രരാഷ്ട്ര സ്ഥാപനം എന്നതിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് കുവൈത്തിന്റെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.