ഫലസ്തീൻ തടവുകാർക്ക് വധശിക്ഷ; ഇസ്രായേൽ നടപടി ശക്തമായി അപലപിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: ഫലസ്തീൻ തടവുകാരെ വധശിക്ഷക്ക് വിധേയമാക്കുന്ന നിയമം പാസാക്കിയ ഇസ്രായേൽ നടപടിയിൽ ശക്തമായി അപലപിച്ചു കുവൈത്ത്. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ തുറന്ന ലംഘനമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗൺസിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്തു. ഇസ്രായേൽ സൈന്യത്തെയോ പൗരന്മാരെയോ ആക്രമിക്കുന്ന ഫലസ്തീനികളെ വധിക്കാൻ അനുമതി നൽകുന്ന വിവാദ നിയമമാണ് ഇസ്രായേൽ പാർലമെന്റായ നെസെറ്റ് കഴിഞ്ഞ ദിവസം പാസാക്കിയത്.

അതേസമയം, ഫലസ്തീനികളെ കൊല്ലുന്ന ജൂത പൗരന്മാർക്ക് ഈ നിയമം ബാധകമാകില്ല. ശിക്ഷ വിധിക്കപ്പെട്ടാൽ 90 ദിവസത്തിനുള്ളിൽ തൂക്കിലേറ്റണമെന്നാണ് വ്യവസ്ഥ. വധശിക്ഷക്ക് വിധിക്കപ്പെട്ടവർക്ക് ഇളവിനായി അപേക്ഷിക്കാൻ അവകാശമുണ്ടാവില്ലെന്ന കർശന ഉപാധികളുമുണ്ട്.

പുതിയ നിയമം വെസ്റ്റ് ബാങ്കിലെ സൈനിക കോടതികളിൽ വിചാരണ നേരിടുന്ന ഫലസ്തീനികൾക്ക് കനത്ത തിരിച്ചടിയാകും. നിയമം ഫലസ്തീനികളെ ലക്ഷ്യംവെച്ചുള്ളതാണെന്നും സമാനമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന ജൂതവംശജർക്ക് ഇത് ബാധകമാകില്ലെന്നും മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Kuwait strongly condemns Israeli execution of Palestinian prisoners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.