സയാമീസായി ഒട്ടിച്ചേർന്നിരുന്നപ്പോൾ (ഫയൽ ചിത്രം) -അംജദും മുഹമ്മദും ഡോ. അബ്ദുല്ല അൽറബീഅയെ ജോർഡനിൽ കണ്ടപ്പോൾ
ജിദ്ദ: സയാമീസായിരുന്ന തങ്ങളെ ശസ്ത്രക്രിയയിലൂടെ വേർപെടുത്തി പുതുജീവിതം നൽകിയ ഡോക്ടറെ കണ്ട സന്തോഷത്തിൽ ജോർഡനിലെ അംജദും മുഹമ്മദും. ജോർഡൻ തലസ്ഥാനത്താണ് സൗദി മുൻ ആരോഗ്യമന്ത്രിയും കിങ് സൽമാൻ റിലീഫ് കേന്ദ്രം ജനറൽ സൂപ്പർവൈസറും സയാമീസ് ശസ്ത്രക്രിയ സംഘം തലവനുമായ ഡോ. അബ്ദുല്ല അൽറബീഅയും കുട്ടികളും വീണ്ടും കണ്ടുമുട്ടിയത്.
ആദ്യം ഡോക്ടറെ കാണുമ്പോൾ ഇവർ പരസ്പരം ഒട്ടിച്ചേർന്നനിലയിലായിരുന്നു. കുടൽ, മൂത്രസഞ്ചി, ജനനേന്ദ്രിയം എന്നിവ ഒട്ടിച്ചേർന്ന ഇരുവരെയും 2010-ലാണ് റിയാദിലെ നാഷനൽ ഗാർഡ് മന്ത്രാലയത്തിനു കീഴിലുള്ള കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ വേപെടുത്തിയത്. 12 വർഷത്തിനു ശേഷം ഡോക്ടറുടെയും കുട്ടികളുടെയും കണ്ടുമുട്ടൽ അമ്മാനിലെ സൗദി എംബസിയിലായിരുന്നു. കൂടെ ഇവരുടെ കുടുംബവുമുണ്ടായിരുന്നു. അംജദും മുഹമ്മദും ജോർഡനിലെ തന്റെ മക്കളാണെന്ന് ഇരുവരെയും കണ്ട സന്തോഷത്തിൽ ഡോ. റബീഅ പറഞ്ഞു.
വേർപെടുത്തൽ ശസ്ത്രക്രിയക്കുശേഷം ഡോ. റബീഅയെ കാണാനെത്തുന്ന രണ്ടാമത്തെ സംഭവമാണിത്. ഈജിപ്ഷ്യൻ സയാമീസായിരുന്ന ഹസനും മഹ്മൂദും കഴിഞ്ഞമാസം കുടുംബസമേതം ഡോക്ടറെ കാണാൻ റിയാദിലെത്തിയിരുന്നു. 13 വർഷത്തിനു ശേഷമായിരുന്നു ആ വരവ്.
സയാമീസ് വേർപെടുത്തൽ ശസ്ത്രക്രിയ പദ്ധതിക്ക് കീഴിൽ രാജ്യത്ത് 50ലധികം ശസ്ത്രക്രിയ നടന്നു. മനുഷ്യത്വത്തിന്റെയും ജീവകാരുണ്യത്തിന്റെയും ഭാഗമായി സൗദി നടത്തിയ 27ാമത്തെ ശസ്ത്രക്രിയയാണ് അംജദിന്റെയും മുഹമ്മദിന്റെയും. 1990ലാണ് സൗദിയിൽ ആദ്യ സയാമീസ് ശസ്ത്രക്രിയ നടന്നത്. ഇതുവരെ 22 രാജ്യങ്ങളിൽനിന്നുള്ള 117 പേരെ പരിഗണിച്ചു. ഇത്രയും ശസ്ത്രക്രിയക്കായി ഏകദേശം 570 മണിക്കൂർ ചെലവഴിച്ചു. ഇതിൽ ദൈർഘ്യമേറിയ ശസ്ത്രക്രിയക്ക് 23.5 മണിക്കൂർ എടുത്തു. സയാമീസ് ഇരട്ടകളെ വേർതിരിക്കുന്നതിലെ വിജയം സൗദി അറേബ്യയുടെ ആരോഗ്യ രംഗത്തെ വികസനത്തെ പ്രതിഫലിപ്പിക്കുന്നതായി അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.