എ.എഫ്.സി അണ്ടർ 20 യോഗ്യത മത്സരം: ഇന്ത്യക്ക് തോൽവി

കുവൈത്ത് സിറ്റി: ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ (എ.എഫ്.സി) അണ്ടർ 20 ഗ്രൂപ് എച്ച് യോഗ്യതമത്സരത്തിൽ ഇന്ത്യക്ക് തോൽവിയോടെ തുടക്കം. അലി സബാഹ് അൽ സലീം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 4-2ന് ഇറാഖിനോടാണ് ഇന്ത്യയുടെ തോൽവി.രണ്ടാം മിനിറ്റിൽതന്നെ ഖാസിമിലൂടെ ഗോൾ നേടി ഇറാഖ് ഇന്ത്യയെ ഞെട്ടിച്ചെങ്കിലും 22ാം മിനിറ്റിൽ ജി സിങ്ങിലൂടെ ഗോൾമടക്കി ഇന്ത്യ സമനില പിടിച്ചു. 10 മിനിറ്റിനകം തോങ്ബ്രാമിലൂടെ ഒരു ഗോൾകൂടി നേടി ഇന്ത്യ മുന്നിലെത്തി.

ആദ്യ പകുതിവരെ ലീഡ് നിലനിർത്തി പിടിച്ചുനിന്ന ഇന്ത്യക്ക് രണ്ടാം പകുതിയുടെ ആദ്യത്തിൽതന്നെ കളിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. 51ാം മിനിറ്റിൽ അബ്ദുൽ അബ്ദുൽ കരീമിലൂടെ ഇറാഖ് സമനില ഗോൾ നേടി. 63ാം മിനിറ്റിൽ സദഖിന്റെ ഗോളിലൂടെ ഇറാഖ് ലീഡ് നേടി. തുടർന്ന് സമനിലക്കും വിജയത്തിനുമായി ഇന്ത്യ പൊരുതിയെങ്കിലും ഗോൾ നേടാനായില്ല. 71ാം മിനിറ്റിൽ യുംനാൻ വഴി വന്ന സെൽഫ് ഗോളോടെ ഇന്ത്യൻ പ്രതീക്ഷകൾ പൂർണമായും അവസാനിച്ചു. ഞായറാഴ്ച വൈകീട്ട് 4.30ന് ഇന്ത്യ-ആസ്ട്രേലിയ മത്സരവും 7.30ന് കുവൈത്ത്-ഇറാഖ് മത്സരവും നടക്കും. ചൊവ്വാഴ്ച വൈകീട്ട് 4.30ന് ആസ്ട്രേലിയ ഇറാഖിനെ നേരിടും. 7.30ന് കുവൈത്ത്-ഇന്ത്യ മത്സരം നടക്കും. അടുത്ത വർഷം മാർച്ച് ഒന്നു മുതൽ 18 വരെ ഉസ്ബകിസ്താനിലാണ് എ.എഫ്.സി അണ്ടർ 20 ടൂർണമെന്റ്.

യോഗ്യത റൗണ്ടിലെ മികച്ച ടീം ഉസ്ബകിസ്താനിലേക്ക് യോഗ്യത നേടും. ആദ്യ മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയതോടെ വരുംമത്സരങ്ങൾ ഇന്ത്യക്ക് നിർണായകമാകും. ഇന്ത്യയുടെ മത്സരം കാണാൻ മലയാളികൾ അടക്കമുള്ള നിരവധി പേർ സ്റ്റേഡിയത്തിൽ എത്തിയിരുന്നു.

Tags:    
News Summary - AFC Under-20 Qualifiers: Defeat for India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.