കുവൈത്ത് സിറ്റി: രാജ്യത്ത് സുരക്ഷ പരിശോധനകൾ തുടരുന്നു. വിവിധ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായുള്ള പരിശോധനയില്‍ രണ്ടാഴ്ചക്കിടെ 600 പ്രവാസികൾ അറസ്റ്റിലായതായി അൽ ഖബസ് പത്രം റിപ്പോർട്ട് ചെയ്തു. ഇവരെ നാടുകടത്താനുള്ള നടപടികൾ സ്വീകരിക്കും.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദ് അസ്സബാഹിന്റെ നേരിട്ടുള്ള നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധനകൾ. നിയമലംഘകരെ കണ്ടെത്തൽ, തൊഴിൽ മേഖല ശുദ്ധീകരിക്കൽ, ജനസംഖ്യ അസന്തുലിതാവസ്ഥ ക്രമീകരിക്കൽ എന്നിവയുടെ ഭാഗമായാണ് നടപടി.
പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ നേതൃത്വത്തിലുള്ള ത്രികക്ഷി സമിതി, റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിലെയും മറ്റു മേഖലകളിലെയും ഉദ്യോഗസ്ഥരുടെ പങ്കാളിത്തം എന്നിവ പരിശോധനകൾക്കുണ്ട്. പൊതു സുരക്ഷാകാര്യ വിഭാഗം, ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസ്ക്യൂ പൊലീസ് എന്നിവയെല്ലാം ഒരുമിച്ചും അല്ലാതെയും പരിശോധന നടത്തുന്നുണ്ട്.
സർട്ടിഫിക്കറ്റുകളോ ലൈസൻസുകളോ ഇല്ലാതെ ചിലർ മെഡിക്കൽ സേവനങ്ങൾ നൽകുന്നതായി പരിശോധനയിൽ കണ്ടെത്തി. ഇത്തരത്തിലുള്ള ആറു പേർ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, ആരോഗ്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു. ഗാർഹിക തൊഴിലാളികൾക്കായി പ്രവർത്തിക്കുന്ന 15 വ്യാജ റിക്രൂട്ട്മെന്റ് ഓഫിസുകൾ രണ്ടാഴ്ചക്കിടെ പിടിച്ചെടുത്തു.
താമസ നിയമം ലംഘിച്ചതിന് 90ഓളം തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ദിവസവേതനത്തിൽ ജോലി ചെയ്തിരുന്നവർ, സ്പോൺസറിൽനിന്ന് ഒളിച്ചോടിയവർ എന്നിവരെയും കണ്ടെത്തി. അതിനിടെ, കഴിഞ്ഞ ദിവസം 96 പേർ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചവരാണ് ഇതിൽ ഭൂരിപക്ഷവും. സാൽമിയ, ഫഹാഹീൽ മേഖലകളിലാണ് വ്യാപക പരിശോധന നടത്തിയത്. സബാഹ് അൽ നാസർ ഏരിയയിൽ പ്രവർത്തിക്കുന്ന മൂന്ന് വ്യാജ സർവിസ് ഓഫിസുകളും കണ്ടെത്തി. ഷുവൈഖ് ഇൻഡസ്ട്രിയൽ, ഹവല്ലി, ഖൈത്താൻ, മഹ്ബൂല, ഖുറൈൻ മാർക്കറ്റ് തുടങ്ങി വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടന്നിരുന്നു. ദിവസങ്ങൾക്കു മുമ്പ് അബ്ദലി കാർഷിക മേഖലയിൽ നടത്തിയ പരിശോധനയിൽ നൂറുകണക്കിന് പേരാണ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.