കുവൈത്ത് സിറ്റി: വിവിധ ആഫ്രിക്കൻ രാജ്യങ്ങളിലെ വനിത തൊഴിലാളികൾക്ക് കുവൈത്തിൽ പ്രവേശന വിലക്കുള്ളതായി താമസകാര്യ വകുപ്പ് മേധാവി തലാൽ അൽ മഅ്റഫി വ്യക്തമാക്കി.
കെനിയ, യുഗാണ്ട, നൈജീരിയ, ടോഗോ, ഇത്യോപ്യ, സെനഗൽ, മലാവി, ഛാദ്, നൈജർ, താൻസനിയ, ഗിനി, ഘാന, സിംബാബ്വേ, മഡഗാസ്കർ, സിയറാ ലിയോൺ എന്നീ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള വനിത തൊഴിലാളികൾക്കാണ് കുവൈത്തിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. ഇന്തോനേഷ്യ, ഭൂട്ടാൻ എന്നിവിടങ്ങളിൽനിന്നുള്ളവർക്കും വിലക്ക് ബാധകമാണ്. അതിനിടെ, ഇത്യോപ്യൻ തൊഴിലാളികൾക്ക് ഇഖാമ പുതുക്കി നൽകില്ലെന്ന അഭ്യൂഹങ്ങളെ അദ്ദേഹം നിഷേധിച്ചു.
ഇത്യോപ്യയിൽനിന്ന് പുതുതായി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് നിർത്തിവെക്കുക മാത്രമാണ് ചെയ്തത്.
നിലവിൽ രാജ്യത്തുള്ളവർക്ക് നാടുകടത്തലിന് വിധേയമാവുന്ന കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്തിടത്തോളം സാധാരണ നിലക്ക് ഇഖാമ പുതുക്കാൻ കഴിയും.
ഗാർഹികത്തൊഴിലാളി, കമ്പനി വിസകളിൽ ബംഗ്ലാദേശി തൊഴിലാളികളെ കൊണ്ടുവരുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ കരാറിൽ എത്തുന്ന ബംഗ്ലാദേശികൾക്ക് വിലക്ക് ബാധകമല്ല. സുരക്ഷാ കാരണങ്ങളാലാണ് നടപടി. രാജ്യത്ത് ബംഗ്ലാദേശുകാരുടെ എണ്ണം ഗണ്യമായി കൂടിയതാണ് ഇപ്പോൾ ഈ ഉത്തരവിന് ഇടയാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. ഇതിന് മുമ്പും ഈ വിഭാഗത്തിന് വിസ ഇഷ്യൂചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും പിന്നീടത് ഭാഗികമായി പുനഃസ്ഥാപിക്കുകയായിരുന്നു. നിലവിൽ കുവൈത്തിലെ മൂന്നാമത്തെ വലിയ വിദേശി സമൂഹമാണ് ബംഗ്ലാദേശികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.