കുവൈത്ത് സിറ്റി: തങ്ങളെ ജീവിതത്തില്‍ സ്വന്തംകാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കിയ പ്രിയ ടീച്ചര്‍ തളര്‍ന്നുവീണപ്പോള്‍ കൈത്താങ്ങുമായി ശിഷ്യര്‍. വര്‍ഷങ്ങള്‍ക്കുമുമ്പ് വിദ്യ പകര്‍ന്നുനല്‍കിയ അധ്യാപികക്ക് സ്നേഹാദരവുമായി വിദ്യാര്‍ഥികള്‍ ഒരുമിച്ചുകൂടുകയും ചെയ്തു. ഹൈദരാബാദ് സ്വദേശിയും സാല്‍മിയ പാകിസ്താന്‍ സ്കൂളിലെ മുന്‍ അധ്യാപികയുമായ റിസ്വി അസ്ഹരി ബീഗത്തെയാണ് (81) ശിഷ്യര്‍ ചേര്‍ന്ന് ആദരിച്ചത്. പ്രായാധിക്യവും അപകടവും സമ്മാനിച്ച ശാരീരിക ബുദ്ധിമുട്ടുകളാല്‍ മുറിയില്‍ ഒറ്റപ്പെട്ടുകഴിയുകയായിരുന്ന അധ്യാപികയെക്കുറിച്ചുള്ള ‘ഗള്‍ഫ് മാധ്യമം’ വാര്‍ത്തയാണ് ഒരുപാട് വര്‍ഷങ്ങള്‍ക്കുശേഷമുള്ള ഗുരുശിഷ്യസംഗമത്തിന് നിമിത്തമായത്.
വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രവര്‍ത്തകരാണ് ശിഷ്യര്‍ക്ക് റിസ്വി ടീച്ചറെ കാണാനും സംവദിക്കാനും അവസരം ഒരുക്കിയത്. അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നടന്ന ഗുരുശിഷ്യസംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയ അധ്യാപികയെ പൂച്ചെണ്ടുകളും സ്നേഹ ചുംബനങ്ങളും നല്‍കിയാണ് ശിഷ്യര്‍ വരവേറ്റത്. നിരവധി വര്‍ഷങ്ങള്‍ക്കുശേഷം തന്‍െറ പ്രിയപ്പെട്ട വിദ്യാര്‍ഥികളെ അടുത്തുകണ്ടപ്പോള്‍ അസ്വാസ്ഥ്യങ്ങള്‍ മറന്ന് റിസ്വി ടീച്ചര്‍ ഒരിക്കല്‍കൂടി പഴയ ഇംഗ്ളീഷ് അധ്യാപികയായി. സംഗമത്തില്‍ വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസിഡന്‍റ് ഖലീലുറഹ്മാന്‍, ജനസേവന വിഭാഗം കണ്‍വീനര്‍ വിനോദ് പെരേര എന്നിവര്‍ സംസാരിച്ചു. താമസസ്ഥലത്ത് അവശ നിലയില്‍ കഴിയുകയായിരുന്ന റിസ്വി ടീച്ചറുടെ അവസ്ഥ ഒരാഴ്ച മുമ്പാണ് ‘ഗള്‍ഫ് മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തത്. ഹൈദരാബാദ് ഓള്‍ഡ് സിറ്റി സ്വദേശിയായ റിസ്വി അസ്ഹരി ബീഗം 47 വര്‍ഷമായി കുവൈത്തിലുണ്ട്. മൂന്നു പതിറ്റാണ്ടോളം സാല്‍മിയ പാകിസ്താന്‍ സ്കൂളില്‍ മൂന്നു തലമുറകള്‍ക്ക് അറിവ് പകര്‍ന്നുനല്‍കിയിട്ടുള്ള ഈ അധ്യാപിക കഴിഞ്ഞ അഞ്ചുവര്‍ഷമായി ശരിയായി വായുസഞ്ചാരം പോലുമില്ലാത്ത മുറിയിലായിരുന്നു താമസം. വര്‍ഷങ്ങള്‍ക്കുമുമ്പ് സംഭവിച്ച വാഹനാപകടമാണ് ഇവരുടെ ജീവിതം ദുരിതപൂര്‍ണമാക്കിയത്. അപകടത്തില്‍ വലതുകാലിനും കൈക്കും സാരമായി പരിക്കേറ്റു. ഇതിന്‍െറ ചികിത്സയിലിരിക്കെയാണ് സാല്‍മിയയില്‍ ഇവര്‍ താമസിച്ചിരുന്ന ഫ്ളാറ്റ് പുതുക്കിപ്പണിയുന്നതിനായി പൊളിച്ചുമാറ്റിയത്. തുടര്‍ന്ന്, താമസം അബ്ബാസിയയിലേക്ക് മാറ്റി. അബ്ബാസിയയിലെ ഫ്ളാറ്റിലത്തെി ദിവസങ്ങള്‍ക്കുള്ളില്‍ കെട്ടിടത്തിന്‍െറ സീലിങ് അടര്‍ന്നുവീണ് ഇടതുകാലിന് പരിക്കേറ്റു.
ഇതോടെ, പൂര്‍ണമായും കിടപ്പിലായ ഇവര്‍ക്ക് ഇഖാമ പുതുക്കിനല്‍കാമെന്ന് വിശ്വസിപ്പിച്ച് സ്വദേശി പൗരന്‍ പണവും പാസ്പോര്‍ട്ടുമായി കടന്നുകളയുകകൂടി ചെയ്തതോടെ അക്ഷരാര്‍ഥത്തില്‍ ദുരിതക്കിടക്കയിലാവുകയായിരുന്നു. ഏറെനാള്‍ തന്‍െറ അധ്യാപികയായിരുന്ന റസ്വി അസ്ഹരി ബീഗത്തിന്‍െറ ദയനീയാവസ്ഥയറിഞ്ഞ ശിഷ്യ ഗുല്‍നാസ് ആണ് വിവരം വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന്, ആശുപത്രിയിലത്തെിച്ച്
ചികിത്സ ലഭ്യമാക്കുകയായിരുന്നു. ചികിത്സക്കുശേഷം ടീച്ചറെ നാട്ടിലേക്ക്
യാത്രയാക്കാനുള്ള ഒരുക്കത്തിലാണ് വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രവര്‍ത്തകര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.