കുവൈത്ത് സിറ്റി: സ്വകാര്യ മെഡിക്കൽ മേഖലയിലെ ഫുൾ ടൈം- പാർട്ട് ടൈം പ്രാക്ടീസ് ലൈസൻസുകൾ നിയന്ത്രിക്കുന്നതിനായി ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി പുതിയ മന്ത്രിതല തീരുമാനം പുറത്തിറക്കി. ഡോക്ടർമാരുടെ പ്രഫഷനൽ അച്ചടക്കം ഉറപ്പാക്കുകയും പൊതുമേഖലയും സ്വകാര്യ മേഖലയുമായി ബന്ധപ്പെട്ട പ്രാക്ടീസ് ക്രമീകരിക്കുകയുമാണ് പുതിയ തീരുമാനത്തിന്റെ ലക്ഷ്യം.
2024ലെ നമ്പർ 71 മന്ത്രിതല പ്രമേയത്തെയും കിംസ് ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ ശിപാർശകളെയും അടിസ്ഥാനമാക്കിയുള്ള ഈ തീരുമാനം, സ്വകാര്യ മേഖലയിലെ ലൈസൻസ് ലഭിക്കുന്നതിന് മുമ്പ് നിർബന്ധമായ സർക്കാർ സേവന കാലയളവ് വ്യക്തമാക്കുന്നു. കിംസിന്റെ അംഗീകൃത പ്രോഗ്രാമുകളിലോ ഫെലോഷിപ്പുകളിലോ പരിശീലനം പൂർത്തിയാക്കിയ ഡോക്ടർമാർ പഠനകാലയളവിന് തുല്യമായ ഒരു സർക്കാർ സേവനകാലം നിർബന്ധമായും പൂർത്തിയാക്കണം.
സ്കോളർഷിപ്പിൽ വിദേശത്ത് പരിശീലനം നേടിയവരും സ്കോളർഷിപ് കാലയളവിനൊത്ത സർക്കാർ സേവനകാലം പൂർത്തിയാക്കണം. ലൈസൻസിങ് പ്രക്രിയ സുതാര്യമാക്കാൻ കിംസ് നൽകുന്ന ക്ലിയറൻസ് സർട്ടിഫിക്കറ്റും സർക്കാർ വകുപ്പുകളോട് സാമ്പത്തികബാധ്യതകളില്ലെന്ന് തെളിയിക്കുന്ന രേഖകളും നിർബന്ധമായിരിക്കും.
സേവന കാലയളവ് നിറവേറ്റാതെ സ്വകാര്യ പ്രാക്ടീസിലേക്ക് മാറാനാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ ആരോഗ്യപരിചരണ നിലവാരം ഉയർത്താനും പരിശീലനത്തിന്റെ ഗുണനിലവാരം സംരക്ഷിക്കാനും പൊതു-സ്വകാര്യമേഖലകളുടെ ഏകീകൃത പ്രവർത്തനം ഉറപ്പാക്കാനുമാണ് പുതിയ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.