എയര്‍ഇന്ത്യ എക്സ്പ്രസ്  കുവൈത്ത്–കോഴിക്കോട് സര്‍വിസ് ഇനി ആഴ്ചയില്‍ അഞ്ചുദിവസം

കുവൈത്ത് സിറ്റി: എയര്‍ഇന്ത്യ എക്സ്പ്രസ് കുവൈത്ത്-കോഴിക്കോട് സെക്ടറില്‍ സര്‍വിസുകള്‍ വര്‍ധിപ്പിക്കുന്നു. അടുത്തമാസം 28 മുതല്‍ നിലവില്‍ വരുന്ന വേനല്‍കാല ഷെഡ്യൂളിലാണ് നിലവിലുള്ള മൂന്നു സര്‍വിസുകള്‍ അഞ്ചായി വര്‍ധിപ്പിക്കുന്നത്. 
ജൂണ്‍ എട്ടിനാണ് ഇതുപ്രകാരമുള്ള അധിക സര്‍വിസുകള്‍ തുടങ്ങുക. ഇതോടെ, നിലവിലുള്ള ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങള്‍ക്കുപുറമെ തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ കൂടി കുവൈത്തില്‍നിന്ന് കരിപ്പൂരിലേക്ക് എയര്‍ഇന്ത്യ എക്സ്പ്രസ് പറക്കും. തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ രാത്രി 11.30ന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് പിറ്റേദിവസം പുലര്‍ച്ചെ 1.50ന് കുവൈത്തിലും 2.50ന് കുവൈത്തില്‍നിന്ന് തിരിച്ച് രാവിലെ 9.50ന് കോഴിക്കോട്ടുമത്തെും. ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങളിലെ നിലവിലെ സര്‍വിസുകളുടെ സമയത്തില്‍ മാറ്റമുണ്ടാവില്ല. രാവിലെ 11.50ന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് ഉച്ചക്ക് 2.10ന് കുവൈത്തിലും 3.10ന് കുവൈത്തില്‍നിന്ന് പുറപ്പെട്ട് രാത്രി 10.50ന് കോഴിക്കോട്ടുമത്തെുന്ന സമയം തുടരും. 
പുതിയ സര്‍വിസുകള്‍ നിലവില്‍വരുന്നതോടെ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ കുവൈത്തില്‍നിന്ന് കോഴിക്കോട്ടേക്ക് രണ്ടു വീതം സര്‍വിസുകളാവും. മാര്‍ച്ച് 28 മുതല്‍ ഒക്ടോബര്‍ 28 വരെയുള്ള വേനല്‍കാല ഷെഡ്യൂളില്‍ 23 സര്‍വിസുകള്‍ വര്‍ധിപ്പിക്കുന്നതായി എയര്‍ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചിരുന്നു. ഇതോടെ, നിലവിലുള്ള 96 സര്‍വിസുകള്‍ 119 ആയി ഉയരും. കുവൈത്ത്-കോഴിക്കോട് സെക്ടറില്‍ സര്‍വിസ് വര്‍ധിക്കുന്നത് മലബാര്‍ ഭാഗത്തെ യാത്രക്കാര്‍ക്ക് ആശ്വാസമാവും. ഏറെ യാത്രക്കാരുള്ള ഈ സെക്ടറില്‍ നിലവില്‍ എയര്‍ഇന്ത്യ എക്സ്പ്രസിന് മാത്രമാണ് നേരിട്ട് സര്‍വിസുള്ളത്. കുവൈത്ത് എയര്‍വേയ്സിന് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും സര്‍വിസുണ്ടെങ്കിലും കോഴിക്കോട്ടേക്ക് ഇല്ല. വിമാനത്താവള അറ്റകുറ്റപ്പണിയുടെ ഭാഗമായി എമിറേറ്റ്സ് പോലുള്ള വലിയ വിമാനങ്ങള്‍ കോഴിക്കോട്ടേക്കുള്ള സര്‍വിസുകള്‍ കൊച്ചിയിലേക്ക് മാറ്റിയതോടെ കണക്ഷന്‍ സര്‍വിസുകളുടെ എണ്ണത്തിലും കുറവുവന്നു. 
വൈകലും ലഗേജ് കിട്ടാതിരിക്കലുമൊക്കെ തുടര്‍ക്കഥയാണെങ്കിലും നേരിട്ടുള്ള ഏക വിമാനമായ എയര്‍ഇന്ത്യ എക്സ്പ്രസ് സര്‍വിസുകളുടെ എണ്ണം കൂടുന്നത് ആശ്വാസമാവുമെന്ന കണക്കുകൂട്ടലിലാണ് മലബാര്‍ ഭാഗത്തെ യാത്രക്കാര്‍. മൂന്നര വര്‍ഷം മുമ്പാണ് കോഴിക്കോട്ടേക്ക് എയര്‍ഇന്ത്യ എക്സ്പ്രസ് നേരിട്ട് സര്‍വിസ് ആരംഭിച്ചത്. മുമ്പ് എയര്‍ഇന്ത്യക്ക് നേരിട്ട് സര്‍വിസ് ഉണ്ടായിരുന്നെങ്കിലും എയര്‍ഇന്ത്യ എക്സ്പ്രസിന്‍െറ വരവോടെ അത് നിലച്ചിരുന്നു. എക്സ്പ്രസ് എത്തിയതോടെ കോഴിക്കോട്ടേക്കുള്ള സര്‍വിസ് മൂന്നുദിവസം കൊച്ചി വഴിയും മൂന്നുദിവസം മംഗലാപുരം വഴിയുമായി. ഇതോടെ, മലബാര്‍ മേഖലയിലുള്ളവര്‍ക്ക് നാട്ടിലേക്കും തിരിച്ചുമുള്ള വിമാനയാത്ര ഏറെ ദുഷ്കരമായതിനാല്‍ വിവിധ സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും കോഴിക്കോട്ടേക്ക് എയര്‍ഇന്ത്യ എക്സ്പ്രസ് നേരിട്ട് സര്‍വിസ് നടത്തുന്നതിന് നിരന്തരമായി പരിശ്രമിച്ചിരുന്നു. പ്രവാസികളുടെ ഇക്കാര്യത്തിലുള്ള പ്രയാസം നേര്‍ക്കുനേരെ മനസ്സിലാക്കിയ കുവൈത്തിലെ എയര്‍ഇന്ത്യ അധികൃതരും ഇതിന് ഉന്നതങ്ങളില്‍ സമ്മര്‍ദം ചെലുത്തി. തുടര്‍ന്ന്, 2012 ഒക്ടോബര്‍ 28 മുതലുള്ള ശീതകാല ഷെഡ്യൂളിലാണ് കോഴിക്കോട്ടേക്ക്  ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ നേരിട്ട് സര്‍വിസ് തുടങ്ങിയത്. അതാണിപ്പോള്‍ രണ്ടു സര്‍വിസുകള്‍ കൂടി വര്‍ധിപ്പിക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.